അതേയ് നിങ്ങടെ മോള് പറയാ ഈ കല്യാണം അവൾക്ക് ശരിയാവും എന്ന് തോന്നണില്ലത്രേ.
ഇന്നലെ ഞാൻ അലമാരയിൽ തുണി മടക്കി വയ്ക്കുമ്പോഴാണ് അവളതെന്നോട് പറയുന്നത്.കേട്ട മാത്രയിൽ ഒന്നങ്ങട് കൊടുക്കാനാ എനിക്ക് തോന്നിയത്.
ഈ കുട്യോളൊക്കെ എന്താ ഇങ്ങനെ? എത്ര കഷ്ടപ്പെട്ടാ നമ്മളോരോ ആലോചന കൊണ്ട് വരുന്നത് എന്നിട്ടിപ്പോ അത് മുടക്കാന്ന് വെച്ചാ എന്താ പറയാ…
നിങ്ങളെന്താ ഒന്നും പറയാത്തേ?
ഇതിപ്പോ കല്യാണത്തിന്റെ തീയതി വരെ ഉറപ്പിച്ചിട്ടാ ഇമ്മാതിരി വർത്താനം.
അവർ ഭർത്താവിന്റെ നേരെ നോക്കി പുരികം ചുളിച്ചു…
നീയവളെ ഇങ്ങോട്ട് വിളിക്ക് ഞാൻ ചോദിക്കാം…
കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ മകൾ അങ്ങോട്ട് കടന്നു വന്നു…
അച്ഛനെന്നെ വിളിച്ചോ?
മ്മ്,വിളിച്ചു.മോളിവിടെ ഇരിക്ക്, എന്നിട്ട് പറ എന്താ മോൾടെ പ്രയാസം.എന്താണെങ്കിലും നമുക്ക് പരിഹരിക്കാം…
അവൾ കുറച്ചു നേരം മിണ്ടാതെയിരുന്നതിനു ശേഷം പറഞ്ഞു തുടങ്ങി.
എനിക്കീ കല്യാണം ശരിയാവുമെന്നൊരു തോന്നൽ വരുന്നില്ലച്ചാ.ആരെയും കുറ്റം പറയാനല്ല ഞാൻ ഇതൊക്കെ പറയുന്നത്. പക്ഷേ എന്റെ മനസ്സ് എത്ര ശ്രമിച്ചിട്ടും ഇതിന് “ശരി” എന്ന് പറയുന്നില്ല.
അച്ഛൻ പലപ്പോഴും പറയാറില്ലേ, “കല്യാണം ജീവിതത്തിൽ ഒരിക്കൽ എടുക്കുന്ന വലിയ തീരുമാനമാണ്” അത് ആലോചിച്ചും കണ്ടും തീരുമാനിക്കണമെന്ന് അതുകൊണ്ടാണ് ഞാൻ എന്റെ മനസ്സിലുള്ളത് തുറന്ന് പറയുന്നത്.
എന്താ മോൾടെ പ്രശ്നം, അവൻ മോളോട് മോശമായി എന്തെങ്കിലും സംസാരം ഉണ്ടായോ?
അയാളോട് സംസാരിക്കാൻ പോലും എനിക്ക് താൽപര്യം തോന്നുന്നില്ലച്ചാ കാരണം എപ്പോ സംസാരിച്ചാലും അയാൾ വന്നു നിക്കുന്നത് ഇവിടെ നിന്ന് എത്ര തരും സ്വർണം എടുക്കാൻ എപ്പോ പോകും. കാറെടുക്കാൻ പോകുമ്പോ അയാളെ കൊണ്ട് പോകുമോ എന്നൊക്കെയാണ്.
കല്യാണം കഴിക്കുന്നത് അയാളുടെ കൂടെ ആവശ്യമല്ലേ പിന്നെ നമ്മൾ എന്തിനാണ് ഇത്രയും കാശും കാറുമൊക്കെ അയാൾക്ക് കൊടുക്കുന്നത്? നമ്മൾ കൊടുക്കുന്നതല്ലാതെ അയാളുടെ വീട്ടിൽ നിന്നും എനിക്കെന്താണ് കിട്ടാൻ പോകുന്നത്?
ഇതൊക്കെ കാരണം അയാളുടെ ഫോൺ വരുമ്പോഴും മെസേജ് വരുമ്പോഴും എനിക്ക് എടുക്കാൻ പോലും മനസില്ല.സംസാരിച്ചാലും അതൊരു ഒരു കടമ പോലെ മാത്രമാണ്,സന്തോഷമോ, കാത്തിരിപ്പോ,ഒരു അടുപ്പമോ ഒന്നും എനിക്കയാളോട് തോന്നുന്നില്ല.അത് എന്തുകൊണ്ടാണെന്ന് എനിക്കുതന്നെ അറിയില്ല.
അവൾ നെടുവീർപ്പിട്ടു…
എടീ അവനു പഠിപ്പില്ലേ?അവരുടെ വീട്ടിൽ ഇഷ്ടം പോലെ കാശില്ലേ?
അപ്പോ പിന്നെ അവര് നമ്മടെ അടുത്തുന്നു ചോദിക്കുന്നതിൽ എന്താണ് തെറ്റ്?
പിന്നെ നിങ്ങള് തമ്മിലുള്ള അടുപ്പത്തിന്റെ കാര്യം,അത് കല്യാണം കഴിഞ്ഞ് താനെ വന്നോളും.നിന്റെ അച്ഛനെ കല്യാണം കഴിക്കുന്നതിന്റെ അന്നാണ് ഞാൻ കാണുന്നത് എന്നിട്ട് ഞങ്ങൾ രണ്ടാളും സന്തോഷം ആയിട്ട് ജീവിക്കുന്നില്ലേ?
അമ്മേ….
അമ്മയല്ല ഞാൻ…..
അമ്മയുടെ മനസ്സല്ല എന്റേത്.അമ്മ ഹാപ്പി ആയിട്ടിരിക്കുന്നത് അച്ഛൻ നല്ലവനായത് കൊണ്ടാണ് അച്ഛൻ അമ്മയെ നല്ലപോലെ നോക്കുന്നത് കൊണ്ടാണ് എന്റെ കാര്യത്തിൽ എനിക്കാ ഉറപ്പില്ല കല്യാണം കഴിഞ്ഞാൽ ഒരു ജീവിതം മുഴുവൻ ഞാൻ അയാളോടൊപ്പമല്ലേ ഞാൻ ജീവിക്കേണ്ടത്? ഇപ്പോഴേ എനിക്കിങ്ങനെ തോന്നുമ്പോൾ പിന്നീടെന്താകും?
എനിക്ക് നല്ല പേടിയുണ്ടമ്മേ.എല്ലാവരും എന്ത് പറയും എന്നല്ല, എന്റെ ജീവിതം എങ്ങനെയാകും എന്നതാണ് പേടി. ഇപ്പോൾ ഞാൻ ഒന്നും പറയാതെ ഈ കല്യാണം നടത്തി കഴിഞ്ഞാൽ, പിന്നീടൊരു വിഷമം വന്നാൽ അതിന്റെ ഭാരം നിങ്ങൾ എല്ലാവർക്കും ആയിരിക്കും.
അമ്മയ്ക്കും അച്ഛനും എന്നെക്കുറിച്ച് എത്രമാത്രം സ്വപ്നങ്ങളുണ്ടെന്ന് എനിക്കറിയാം.അതുകൊണ്ടാണ് ഇതുവരെ ഒന്നും പറയാതെ നിന്നത്. നിങ്ങളുടെ സന്തോഷം മാത്രം നോക്കിയാണ് ഞാൻ മുന്നോട്ട് പോയത്. പക്ഷേ ഓരോ ദിവസവും എന്റെ ഉള്ളിലെ ഭയം കൂടിക്കൊണ്ടിരിക്കുന്നു.
കല്യാണം അടുത്തുവരുംതോറും എനിക്ക് സന്തോഷത്തേക്കാൾ ടെൻഷനാണ്. രാത്രിയിൽ ഉറങ്ങാൻ പോലും പറ്റുന്നില്ല. പല ചോദ്യങ്ങളാണ് മനസ്സിൽ വരുന്നത്. “ഞാൻ ശരിയായ തീരുമാനമാണോ എടുക്കുന്നത്?”, “ഇത് എന്റെ ജീവിതത്തെ ബാധിക്കുമോ?”, “എനിക്ക് പിന്നീട് ഖേദിക്കേണ്ടി വരുമോ?” എന്നൊക്കെയാണെന്റെ ചിന്ത
അവളുടെ വാക്കുകൾ കേട്ടപ്പോൾ മുറിയിലാകെ ഒരു നിശ്ശബ്ദത പടർന്നു.
ഇതുവരെ ഒരു വാക്ക് പോലും പറയാതെ ഇരുന്ന അച്ഛൻ പതുക്കെ എഴുന്നേറ്റ് ജനലരികിലേക്ക് നടന്നു. കുറച്ച് നിമിഷങ്ങൾ പുറത്തേക്ക് നോക്കി നിന്ന ശേഷം തിരിഞ്ഞ് മകളുടെ അടുത്ത് വന്നു.
“മോളേ…അച്ഛൻ ഒരു കാര്യം ചോദിക്കട്ടെ?”
“മ്മ്…”
“ഈ കല്യാണം മുടങ്ങിയാൽ നാട്ടുകാർ എന്ത് പറയും എന്നാണോ നിനക്ക് പേടി… അതോ ഈ കല്യാണം നടന്നാൽ നിന്റെ ജീവിതം എന്താകുമെന്നാണോ നിന്റെ പേടി?”
ഒരുനിമിഷം പോലും ആലോചിക്കാതെ അവൾ പറഞ്ഞു.
“എന്റെ ജീവിതം എന്താകുമെന്നാണച്ചാ…”
ആ മറുപടി കേട്ടതോടെ അയാൾ മകളുടെ തലയിൽ കൈവച്ചു.
“എന്നാൽ പിന്നെ അച്ഛന് വേറെ ഒന്നും കേൾക്കണ്ട.”
അമ്മ അതിശയത്തോടെ ഭർത്താവിനെ നോക്കി.
“നിങ്ങളെന്താ ഈ പറയുന്നത്? ആളുകളെന്ത് പറയും? നമ്മള് തീയതി വരെ ഉറപ്പിച്ചതല്ലേ?”
അയാൾ ഒന്നു പുഞ്ചിരിച്ചു.
“ആളുകൾക്ക് പറയാൻ ഒരാഴ്ചത്തെ വാർത്ത കിട്ടും.പക്ഷേ തെറ്റായ ഒരു തീരുമാനത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടത് നമ്മുടെ മോളാണ്.
അവരുടെ സംസാരത്തിന് കാലാവധിയുണ്ട്. ഇവളുടെ ജീവിതത്തിന് അതില്ല.”
അമ്മ ഒന്നും മിണ്ടിയില്ല.
അയാൾ തുടർന്നു.
“നമ്മൾ മക്കളെ വളർത്തുന്നത് കല്യാണം കഴിപ്പിച്ച് വീട്ടിൽ നിന്ന് പറഞ്ഞയക്കാൻ വേണ്ടിയല്ല. അവർ സുരക്ഷിതമായും സമാധാനമായും ജീവിക്കുന്നത് കാണാനാണ്.”
പിന്നെയാൾ മകളെ നോക്കി പറഞ്ഞു,
“നീ പറഞ്ഞതിൽ എനിക്ക് ഏറ്റവും വിഷമം തോന്നിയത് എന്താണെന്ന് അറിയാമോ? ആ ചെറുക്കൻ നിന്നോട് സംസാരിക്കുമ്പോഴൊക്കെ ഓർമ്മപ്പെടുത്തുന്നത് കാറിനെയും സ്വർണത്തെയും കുറിച്ചാണെന്ന് നീ പറഞ്ഞത്.”
അവൾ തലകുനിച്ചു.
“ഒരു മനുഷ്യൻ വിവാഹത്തിന് മുമ്പേ മനുഷ്യനെക്കാൾ വില കൊടുക്കുന്നത് പണത്തിനാണെങ്കിൽ, വിവാഹത്തിന് ശേഷം അത് മാറുമെന്ന് ഉറപ്പിച്ച് പറയാൻ ആർക്കും കഴിയില്ല മോളെ.”
അമ്മ പതിയെ പറഞ്ഞു.
“പക്ഷേ അവർ നേരിട്ട് ഒന്നും ചോദിച്ചിട്ടില്ലല്ലോ…”
“ചോദിക്കുന്നത് വാക്കുകൾ കൊണ്ടു മാത്രമല്ല,” അച്ഛൻ പറഞ്ഞു. “ഓരോ സംസാരത്തിലും അതിന്റെ സൂചനകൾ നിറഞ്ഞുനിൽക്കുമ്പോഴും അതൊരു സമ്മർദ്ദമാണ്.കല്യാണം എന്നത് രണ്ട് മനസ്സുകളുടെ കൂട്ടിച്ചേരലാണ്, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കച്ചവടമല്ല.”
മകളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“അച്ഛാ… ഞാൻ സ്വാർത്ഥയായതുകൊണ്ടല്ല. എനിക്ക് സമാധാനമായി ജീവിക്കണം. എന്നെ മനസ്സിലാക്കുന്ന ഒരാളുടെ കൂടെ ജീവിക്കണം. അത്രയേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.”
“അതിന് സ്വാർത്ഥത എന്നല്ല പറയുന്നത് മോളേ,” അച്ഛൻ അവളുടെ കണ്ണുനീർ തുടച്ചു. “അതിന് ബോധം എന്നാണ് പറയുന്നത്.”
അമ്മയുടെ കണ്ണുകളും നിറഞ്ഞു.
“ഞാൻ… ഞാൻ ഇത്രയും ആലോചിച്ചില്ല. കല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാകുമെന്നായിരുന്നു എന്റെ വിശ്വാസം.”
“പലരുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കാറുണ്ടെടി പക്ഷേ എല്ലാ ജീവിതവും ഒരുപോലെയല്ല. ഒരു പെൺകുട്ടി കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ‘എനിക്ക് പേടിയാണ്’ എന്ന് പറയുന്നുണ്ടെങ്കിൽ, അത് അവളുടെ ധൈര്യമാണ്. ആ ശബ്ദം കേൾക്കാതെ പോകുന്നതാണ് തെറ്റ്.”
മകൾ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
“നന്ദിയുണ്ടച്ഛാ…”
“എന്തിന്?”
“എന്നെ വിശ്വസിച്ചതിന്…”
“നീ എന്റെ മകളല്ലേ? നിന്നെ ഞങ്ങൾ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ആര് വിശ്വസിക്കും?”
അടുത്ത ദിവസം തന്നെയാ വിവാഹാലോചന അവസാനിപ്പിച്ചു….
പലരും പലതും പറഞ്ഞു.
“ആ പെണ്ണ് ഇത്ര നല്ല ബന്ധം കളഞ്ഞല്ലോ…”
“അവൾക്ക് അഹങ്കാരം കൂടിപ്പോയി…”
“ഇനി ഇതിലും നല്ല ആലോചന കിട്ടില്ല…”
എല്ലാം കേട്ട ശേഷം ആ അച്ഛൻ ഒന്നു മാത്രം പറഞ്ഞു.
“എന്റെ മകളുടെ ജീവിതത്തേക്കാൾ വലുതല്ല ഒരു ബന്ധവും.”…..
മാസങ്ങൾ കടന്നുപോയി.
ഒരു ദിവസം അച്ഛന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.അന്നത്തെ ആലോചന കൊണ്ടുവന്ന ബ്രോക്കറായിരുന്നു അത്.
“സാറേ,അന്നത്തെയാ കല്യാണം മുടങ്ങിയത് നന്നായി.ആ ചെറുക്കന്റെ കല്യാണം കഴിഞ്ഞ് ആറുമാസം പോലും ആയിട്ടില്ല ഇപ്പൊ സ്ത്രീധനത്തിന്റെ പേരിൽ ദിവസവും പ്രശ്നമാണത്രേ.പെൺകുട്ടി ഇപ്പോൾ സ്വന്തം വീട്ടിലാണ്.”
ആ വാർത്ത കേട്ടപ്പോൾ അയാൾ കണ്ണുകളടച്ച് ഒരു നിമിഷം മിണ്ടാതിരുന്നു.
വൈകുന്നേരം മകൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അയാൾ ഒന്നും പറഞ്ഞില്ല.വെറുതേ അവളെ നോക്കി പുഞ്ചിരിച്ചു.
ആ പുഞ്ചിരിയുടെ അർത്ഥം അവൾക്ക് മനസ്സിലായില്ലെങ്കിലും അവൾ തിരികെയൊന്നു ചിരിച്ചു.
ജീവിതത്തിൽ ചില തീരുമാനങ്ങൾ എടുക്കാൻ പെൺകുട്ടികൾക്ക് ധൈര്യം വേണം.
പക്ഷേ അതിലും വലിയ ധൈര്യം, സ്വന്തം മക്കൾ പറയുന്ന “എനിക്ക് ശരിയെന്ന് തോന്നുന്നില്ല” എന്നൊരു വാക്ക് കേട്ട് അവരെ വിശ്വസിക്കുന്ന മാതാപിതാക്കൾക്കാണ്.
കാരണം, ഒരു കല്യാണം മുടങ്ങിയത് ഒരു ദിവസത്തെ വാർത്ത മാത്രമാണ്.
പക്ഷേ തെറ്റായ ഒരു ബന്ധത്തിൽ കുടുങ്ങിയ ജീവിതം ചിലപ്പോൾ ഒരു ജീവിതകാലത്തെ മുഴുവൻ വേദനയായിരിക്കും.
അച്ചു വിപിൻ
