”ഭാനു നീ ഒരുങ്ങിയോ, കുളിച്ചു പൊട്ടുകുത്തി സെറ്റ് മുണ്ടും ധരിച്ച്, പിന്നെ നിന്റെ കണ്ണട മറക്കണ്ടാ. പിന്നെ ഗുളിക മുടക്കരുത് പറഞ്ഞതൊക്കെ ഓർമ്മ വേണം ഭക്ഷണം സമയത്തിനു കഴിക്കുക.അപ്പുവേട്ടൻ കാര്യം പറഞ്ഞില്ലാലോ, എവിടെക്കാ ഞാൻ പോകാൻ പോകുന്നത്?”
”എന്റെ ഭാനു വേ, ഈ ബ്ലൗസ് ഒട്ടും കളറങ്ങ് ശരിയാവുന്നില്ലാ.”
”എന്തിനാ അപ്പുവേട്ടാ വിഷയം മാറ്റണേ?”
”നീ പോയി എനിക്കൊരു ചായ കൊണ്ടുവരൂ, ഒരു പക്ഷേ അത് ഇനി കുടിക്കാൻ എനിക്കു കഴിഞ്ഞെന്നു വരില്ലാ.”
”എന്താ അപ്പുവേട്ടാ ഈ പറയണേ?”
ഭാനു അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
”ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഭാനു? നീ പോയി ചായ കൊണ്ടുവരൂ.”
ശ്രീകണ്ഠൻ മാഷ് ചാരുകസേരയിൽ നീണ്ടുനിവർന്നിരുന്നു, ചിന്തകളിൽ മുഴുകി. വർഷങ്ങൾ തനിക്ക് സമ്മാനിച്ച വാർദ്ധക്യത്തിന്റെ ഭാരവും പേറി അദ്ദേഹം ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കി. എത്ര എത്ര കുട്ടികളെയാ ഞാൻ വിദ്യ പകർന്നു നല്ലവരാക്കിയത്! എത്ര കുട്ടികൾക്ക് നേർവര കാട്ടി! വാർദ്ധക്യത്തിന്റെ ജരാനരകൾ ബാധിച്ചിട്ടും ട്യൂഷൻ നടത്തിയും കൃഷി പണി നടത്തിയും ജീവിതം മുന്നോട്ട് കൊണ്ടുപോയി. മറ്റുള്ള കുട്ടികൾക്ക് അറിവും വെളിച്ചവും പകർന്ന എനിക്ക് സ്വന്തം മക്കളെമാത്രം നേർവഴി നയിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് അദ്ദേഹത്തിന്റെ ഹൃദയം നീറി. മൂത്ത മകൻ ചന്ദ്രഹാസൻ ഗൾഫിൽ ഒരു ഇന്റർനാഷണൽ കമ്പനിയിൽ കുടുംബവുമായി സുഖമായി കഴിയുന്നു. വർഷത്തിൽ ഒരിക്കൽ എവിടുന്നൊക്കെയോ ഫോൺ ചെയ്ത് നേർച്ച തീർക്കാൻ വിളിക്കും. രണ്ടാമത്തെ മകൻ അർജ്ജുൻ ഇവിടെ നാട്ടിൽ നാലു പട്ടിയെയും കുറെ സാധനങ്ങളെയും കുറച്ചു സ്ഥലവും നോക്കുകുത്തിയായി നിർത്തി അമേരിക്കയിൽ സുഖജീവിതം നയിക്കുന്നു. വല്ലപ്പോഴും ആരെങ്കിലും വീട്ടിൽ വന്നു ഒന്നു നോക്കിച്ചിട്ടു പോകും. അത്രയേ ഉള്ളൂ മക്കളെക്കൊണ്ടുള്ള ഫലം! സ്വന്തമായി ഉണ്ടാക്കിയതൊക്കെ ബാങ്കുകൾ പണ്ടേ കൊണ്ടുപോയി, മക്കൾക്ക് വേണ്ടി ഉപരിപഠനത്തിനും ജോലിക്കുമായി ലോൺ എടുത്തതായിരുന്നു. ജോലി കിട്ടിയിട്ടും അതൊന്നും തിരിച്ചുപിടിച്ചു തരാൻ മക്കൾ തയ്യാറായില്ല. ഞങ്ങളെ ദഹിപ്പിക്കാൻ പോലും ഒരു തരി മണ്ണില്ല ഈ ഭൂമിയിൽ. ഞങ്ങളുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പോലും ഈ മക്കൾ വരില്ലെന്ന് ഉറപ്പാണ്.
അപ്പോഴാണ് ഭാനു അമ്മ കയ്യിൽ ആവിയുറയുന്ന ചായയുമായി അവിടേക്ക് വന്നത്.
”അപ്പുവേട്ടാ ചായ…”
”ഉം… ഇങ്ങ് തന്നേക്കു ഭാനു. നീ ഒന്നുകൂടെ അപ്പുവേട്ടാ എന്ന് വിളിക്കൂ. ആ വിളി കേൾക്കാൻ നല്ല സുഖമാണ്.”
ഭാനു അമ്മ മൃദുവായി വിളിച്ചു: “അപ്പുവേട്ടാ…”
അപ്പോഴാണ് വീടിനു മുന്നിൽ ഒരു കാർ വന്നു നിൽക്കുന്ന ശബ്ദവും ഹോണും മുഴങ്ങിയത്. അതിൽ നിന്നും വെളുത്ത വസ്ത്രം ധരിച്ച കുറച്ചുപേർ തിടുക്കത്തിൽ അകത്തേക്കു വന്നു.
”ശ്രീകണ്ഠൻ അച്ഛന്റെ പേരാണോ?”
”അതെ.”
”അച്ഛൻ പറഞ്ഞ ഭാനുമതി അമ്മ ഇതാണോ? ഭാനു എന്തേങ്കിലും എടുക്കുവാൻ ബാക്കി ഉണ്ടോ?”
ചോദ്യഭാവത്തിൽ ഭാനുമതി അമ്മ അദ്ദേഹത്തോടു ചോദിച്ചു: “അപ്പുവേട്ടാ ഇവർ ആരാ?”
”അത് ഭാനു, ശാന്തിമന്ദിരവാസികളാണ്. അവിടെക്ക് നീ കുറച്ചുനാൾ നിൽക്കൂ, എനിക്ക് കുറച്ചു സ്ഥലത്ത് അത്യാവശ്യമായി പോകാനുണ്ട്.”
ഭാനു അമ്മ സങ്കടത്തോടെ ചോദിച്ചു: “ഞാനും വരാം കൂടെ.”
”ഒത്തിരി ദൂരമുണ്ട് അവിടെക്ക്, നീ വന്നാൽ പറ്റില്ല, നിന്റെ കാലു വയ്യാത്തതല്ലേ? വേഗം പോകൂ ഭാനു.”
അദ്ദേഹം വാശിപിടിച്ചു. നിർവാഹമില്ലാതെ മനസ്സില്ലാ മനസ്സോടെ അവരോടൊപ്പം അവൾ യാത്രയായി.
കുറച്ച് ആഴ്ചകൾ കഴിഞ്ഞ് അദ്ദേഹം അവിടെയെത്തി, അവരുടെ പ്രധാന ഓഫീസിൽ ചെന്നു.
”ഇരിക്കൂ സാർ.”
അദ്ദേഹം ശാന്തനായി ഇരുന്നു. ആ ഓഫീസ് കസേരയിൽ ഇരുന്ന ആ സ്ത്രീ അദ്ദേഹത്തെ നോക്കി സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: “നമസ്കാരം സാർ, ശ്രീകണ്ഠൻ മാഷിന് എന്നെ ഓർമ്മയുണ്ടോ?”
ഇല്ലെന്ന മട്ടിൽ അദ്ദേഹം ആശ്ചര്യത്തോടെ ചോദിച്ചു: “കുട്ടിക്ക് എന്നെ അറിയാമോ?”
”കൊള്ളാം! എന്നെ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട സാറിനെ എനിക്ക് അറിയാതെ വരുമോ? സാർ, ഞാൻ അനഘയാ; സാർ അന്ന് കൈപിടിച്ചുയർത്തി പഠിപ്പിച്ചു വളർത്തിയ കുട്ടി. കടുത്ത ദാരിദ്ര്യത്തിൽ നീറിപ്പുകഞ്ഞ എനിക്ക് അഭയവും ആശ്രയവും നേടിത്തന്ന ഗുരുനാഥനല്ലേ അങ്ങ്? എവിടെയെല്ലാം ഞാൻ അങ്ങയെ തിരഞ്ഞു! ഒടുവിൽ ദൈവനിയോഗം പോലെ ഇവിടെ എന്റെ മുന്നിൽ ഈശ്വരൻ അങ്ങയെ കൊണ്ടെത്തിച്ചു.”
”മക്കൾ ഒക്കെ എവിടെയാ?” അദ്ദേഹം കണ്ണീരോടെ ചോദിച്ചു.
അവൾ ദീർഘനിശ്വാസത്തോടെ പറഞ്ഞു: “മക്കൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, ഇല്ലെന്നു ചോദിച്ചാൽ ഇല്ല. ഒറ്റ ഉത്തരമേ ഉള്ളൂ; സ്വന്തം കാര്യം മാത്രം നോക്കുന്നവർ. പഠിപ്പിച്ചു സ്നേഹം കൊടുത്തു വളർത്തി, പകരം കിട്ടിയത് അനാഥത്വം മാത്രം.”
അവൾക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലായി.
”സാർ വരൂ, ഞാൻ അമ്മയെ കാട്ടിത്തരാം.”
അനഘയോടൊപ്പം നടന്ന് ഭാനു അമ്മയുടെ അരികിൽ എത്തിയപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടുപോയി. “പഴയതിനേക്കാൾ എന്റെ ഭാനു നീ സുന്ദരിയായിട്ടുണ്ടല്ലോ?” ഭാനു അമ്മ ആകെ സന്തോഷത്തോടെ അദ്ദേഹത്തെ നോക്കി.
”ഇവിടെ നീ ഒറ്റയ്ക്കല്ലല്ലോ, എത്ര പേരാ കൂട്ട്! ഭാനു, നീ പോയി വിശ്രമിക്കൂ, ഞാൻ വരാം. മോളെ അനഘ, നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്.”
”പറയൂ മാഷേ?”
തെളിഞ്ഞ ആകാശത്തേക്ക് നോക്കി വിറയ്ക്കുന്ന സ്വരത്തിൽ അദ്ദേഹം പറഞ്ഞു: “ഞാൻ വിറച്ചുവിറച്ചു പറയുകയാണ്, ഞാൻ ഒരു ഹാർട്ട് പേഷ്യന്റാ, എനിക്ക് ഇതിനകം രണ്ടു തവണ ഹാർട്ട് അറ്റാക്ക് വന്നു കഴിഞ്ഞു. ഇനി ഒരെണ്ണം കൂടി വന്നാൽ ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല. അതാ ഞാൻ അവളെ ഇവിടെ സുരക്ഷിതമായി ഏൽപ്പിച്ചത്.”
എന്നിട്ട് അദ്ദേഹം തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കുറെ മുഷിഞ്ഞ നോട്ടുകൾ നുള്ളിപ്പെറുക്കി പുറത്തെടുത്തു. അനഘയുടെ കയ്യിലേക്ക് അത് നീട്ടിക്കൊണ്ട് അദ്ദേഹം തുടർന്നു: “ഇതിൽ എത്ര ഉണ്ടാവുമോ എന്ന് മാഷിന് കൃത്യമായി അറിയില്ല കുട്ടിയേ, എങ്കിലും ഇത് അവൾക്കായി ചിലവാക്കണം. ഞാൻ മരിച്ചാൽ അവളെ വിവരം അറിയിക്കണ്ടാ, എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് അവൾ പാവം കരുടിക്കൊള്ളട്ടെ.”
അപ്പോഴാണ് പുറകിൽ നിന്ന് ആരെയും ഞെട്ടിച്ചുകൊണ്ട് ഒരു ഏങ്ങലിന്റെ ശബ്ദം കേട്ടത്.
”അപ്പുവേട്ടാ… ഇതെന്തൊക്കെയാ ഈ പറയുന്നേ? എന്നെ ഇവിടെ കൊണ്ടുവന്നു തള്ളിയത് കുറച്ചു നാളത്തേക്ക് മാറി നിൽക്കാനാണെന്നല്ലേ നിങ്ങൾ പറഞ്ഞത്? എന്നെ എന്നെന്നേക്കുമായി ഉപേക്ഷിക്കാനായിരുന്നോ ഈ ഏർപ്പാടെല്ലാം?”
ഭാനുമതി അമ്മയുടെ തുടകൾ വിറച്ചു. ഹൃദയം പൊട്ടിയുള്ള ആ കരച്ചിൽ ആ വൃദ്ധസദനത്തിന്റെ ചുവരുകളെപ്പോലും പിടഞ്ഞുകുലുക്കി. അനഘ വേഗത്തിൽ അവരുടെ അരികിലേക്ക് ചെന്ന് ആ തളർന്ന ശരീരം താങ്ങിപ്പിടിച്ചു.
”അമ്മേ, കരയരുത്. സാർ ഇങ്ങനെയൊക്കെ ചെയ്തത് അമ്മയോടുള്ള ക്രൂരത കൊണ്ടല്ല, മറിച്ച് തന്റെ കാലത്തിനുശേഷവും അമ്മ ഒറ്റപ്പെട്ടുപോകരുതെന്ന ആധി കൊണ്ടാകാം. സാറിന്റെ ജീവൻ അപകടത്തിലാണെന്നറിഞ്ഞപ്പോൾ, അമ്മയ്ക്ക് ഒരു സുരക്ഷിത താവളം ഒരുക്കാൻ മാത്രമാണ് അദ്ദേഹം എന്നെ തേടിയെത്തിയത്.”
ശ്രീകണ്ഠൻ മാഷ് ലജ്ജയോടെയും സങ്കടത്തോടെയും തല കുനിച്ചിരുന്നു. ആ നരച്ച തലയിലൂടെ കണ്ണീർച്ചാലുകൾ തോരാതെ ഒഴുകിയിറങ്ങി. അദ്ദേഹം കസേരയിൽ നിന്ന് എഴുന്നേറ്റ് ഭാനുവിന്റെ അടുത്തേക്ക് വേഗത്തിൽ ചെന്നു. വിറയ്ക്കുന്ന കൈകൾ കൊണ്ട് അവളുടെ തോളിൽ തൊട്ടുകൊണ്ട് അദ്ദേഹം ഇടറുന്ന സ്വരത്തിൽ പറഞ്ഞു:
”ക്ഷമിക്കൂ ഭാനു… മക്കൾ എന്നെ പകുതിക്ക് വെച്ച് ഉപേക്ഷിച്ചു പോയെങ്കിലും, എനിക്കൊരുവട്ടം കൂടി ഹൃദയാഘാതം വന്നാൽ ഈ ലോകത്തുനിന്നും ഞാൻ എന്നെന്നേക്കുമായി യാത്രയാകും. അപ്പോഴും നീ മാത്രം തനിച്ചാവരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്റെ സ്നേഹം നിനക്ക് ഈ പ്രായത്തിൽ ഒരു ഭാരമാകരുതെന്ന് കരുതിയാണ്… എന്നോട് മാപ്പ് തരൂ…”
ഭാനു അമ്മ തന്റെ വിറയാർന്ന കൈകൾ കൊണ്ട് അപ്പുവേട്ടന്റെ വായ പൊത്തിപ്പിടിച്ചു. അവരുടെ കണ്ണീരിൽ ആ കൈകൾ കുതിർന്നു.
”ഇനിയൊരിക്കലും അപ്പുവേട്ടൻ അങ്ങനെ പറയരുത്. എനിക്ക് വേറെ ആരും വേണ്ടാ… ഈ ഭൂമിയിൽ അപ്പുവേട്ടന്റെ കൂടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നമ്മൾ മക്കളെയോർത്ത് ഇനി വിഷമിക്കേണ്ടതില്ല. നമുക്ക് ഈ മോളും പിന്നെ ഇവിടുത്തെ ഈ നല്ല മനുഷ്യരുമില്ലേ കൂട്ടായി?”
”മാഷ് ഇനി ഒരിടത്തും പോകുന്നില്ലാ, എന്നോടോപ്പം ഇവിടെ ജീവിക്കു.”
ഭാനുവിന്റെ ആ വാക്കുകൾ കേട്ട് ശ്രീകണ്ഠൻ മാഷ് ഒരു നിമിഷം സ്തംഭിച്ചു നിന്നു. പിന്നെ, പിടിച്ചുനിർത്താനാവാത്ത ഒരു വിതുമ്പലോടെ അദ്ദേഹം അവളെ നെഞ്ചോട് ചേർത്തുപിടിച്ചു.
”ശരിയാണ് ഭാനു… ഇനി ഞാൻ ഒരിടത്തേക്കും പോകില്ല. നമ്മൾ ബാക്കി വന്ന കാലം ഇവിടെ, ഈ മക്കളുടെ സ്നേഹത്തണലിൽ ഒരുമിച്ച് ജീവിക്കും.”
തങ്ങളെ നോക്കി സ്നേഹത്തോടെ പുഞ്ചിരിക്കുന്ന അനഘയുടെയും ചുറ്റും കൂടി നിന്ന അന്തേവാസികളുടെയും മുഖത്തേക്ക് നോക്കിക്കൊണ്ട് മാഷ് പറഞ്ഞു. ആ ശാന്തമായ അന്തരീക്ഷത്തിൽ ആ വൃദ്ധദമ്പതികളുടെ കണ്ണീർ തോർന്നു; പകരം അവിടെ സ്നേഹത്തിന്റെ പുതിയൊരു പ്രകാശം നിറഞ്ഞു. സ്വന്തം മക്കൾ ഉപേക്ഷിച്ചുപോയ ഇടങ്ങളിൽ, അവർ പരസ്പരമുള്ള കരുതലും സ്നേഹവും കൊണ്ട് പുതിയൊരു വീട് തീർത്തു. കാലം അവരെ പലവിധത്തിൽ പരീക്ഷിച്ചെങ്കിലും, ആ മനസ്സുകളെ തോൽപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. ആ പ്രായത്തിലും അവരുടെ ഹൃദയങ്ങൾ പ്രണയത്തിന്റെയും ഇണക്കത്തിന്റെയും പിണക്കത്തിന്റെയും ബാലപാഠങ്ങൾ പരസ്പരം പകർന്നുനൽകിക്കൊണ്ടേയിരുന്നു. ജീവിതത്തിന്റെ സായാഹ്നത്തിലും അവർ പരസ്പരമുള്ള താങ്ങായി മാറിയപ്പോൾ, ആ വൃദ്ധസദനം അവർക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്നേഹക്കൂടായി മാറി.
കണ്ണീരിൽ തീർത്ത സ്നേഹക്കൂട്
രചിതാവ്: അനിഷ
