(രചന: രജിത ജയൻ)
‘വേണുവേട്ടാ … ഇന്നും എനിക്ക് ഓഫീസിലിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല വയറുവേദനിച്ചിട്ട്…
‘നാളെ നമ്മുക്കെന്തായാലുമൊന്ന് ആശുപത്രിയിൽ പോയി നോക്കണം , വേണുവേട്ടനും വരണം എന്റെ കൂടെ ..
”പിന്നേ.. എനിക്കതല്ലേ നാളെ പണി,
നിനക്ക് ദിവസവും ഈ അവിടെ വേദന ഇവിടെ വേദന എന്നു പരാതിയല്ലാതെ വേറെ ഒന്നും പറയാനില്ലേ ശ്യാമേ….?”പരാതിയല്ലല്ലോ വേണുവേട്ടാ.. എനിക്ക് സഹിക്കാൻ പറ്റാഞ്ഞിട്ടാണ് .. സത്യം..
“നീ പറയുന്നതു കേട്ടാൽ തോന്നും നിനക്ക് മാത്രമേ ഈ മാസം മാസമുള്ള വേദനയുള്ളൂന്ന് …. പെണ്ണായ് പിറന്നവർക്കെല്ലാം ഉണ്ട് ഈ വേദന ..
“ഇവിടെ എന്റെ അമ്മയൊന്നും ഒരു പരാതിയും പറഞ്ഞു ഞാൻ കേട്ടിട്ടില്ല ,ഈ വീട്ടിലെയും ഞങ്ങൾ മക്കളുടെയുമെല്ലാം കാര്യങ്ങൾ ഒരു തടസ്സവുമില്ലാതെ ചെയ്യുകയും ചെയ്യും … നീ മാത്രമാണിത് ….
പിറുപിറുത്ത് പറഞ്ഞു കൊണ്ട് വേണു പുറത്തേക്ക് പോയപ്പോൾ സങ്കടത്തോടെ ശ്യാമ ബെഡ്ഡിലേക്കിരുന്നു ..
താനെന്തു പറഞ്ഞാലും വേണുവേട്ടന്റെ സ്ഥിരം പതിവിതുതന്നെയാണ് ,തന്നെ കുറെ കുറ്റപ്പെടുത്തുക ,അമ്മയ്ക്കും അനിയത്തിക്കുമൊന്നും ഇങ്ങനെ അല്ലാന്നു പറയുക …ഓർത്തപ്പോൾ തന്നെ ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു …
തനിക്കല്ലെങ്കിലും ഈ വീട്ടിലെന്തു വിലയാണുള്ളത് .. ?
ഒരു വേലക്കാരിയുടെ സ്ഥാനമാണ് പലപ്പോഴും …
വേണുവേട്ടന്റെ ജാതകദോഷം കാരണമാണ് അഷ്ട്ടിക്ക് വകയില്ലാത്ത വീട്ടിൽ നിന്ന് തന്നെ ഭാര്യയായ് സ്വികരിച്ചതെന്നു പറഞ്ഞാണ് ആദ്യമെല്ലാം തന്നെയവർ പരിഹസിച്ചിരുന്നത് …
അഷ്ട്ടിക്ക് വകയില്ലാത്ത വീട്ടിൽ നിന്നു വന്ന തന്റെ ആഭരണങ്ങളെടുത്തിട്ടാണ് ഇവിടുത്തെ മകളെ കെട്ടിച്ച യച്ചതെന്നവർ മറന്നു..
അതുപോലെ തന്നെ കല്യാണത്തിനു മുമ്പ് താൻ എഴുതിയ പിഎസ്സി പരീക്ഷയുടെ ഫലമായ് തനിക്ക് ബാങ്കിൽ കിട്ടിയ ജോലി പോലും ഈ വീട്ടുകാരുടെ ഭാഗ്യം കൊണ്ടാണെന്നു പറഞ്ഞു പരിഹസിക്കുമ്പോഴും അവരോർക്കാറില്ല തന്റെ ശമ്പളം മുഴുവൻ വാങ്ങിയവർ ചിലവാക്കുന്നതിവിടെ ആണെന്ന് ….
പണ്ടുകാലത്തെ ജന്മി കുടുംബമാണ് തങ്ങളുടേതെന്നും ,അന്നും ഇന്നും പേരുകേട്ട തറവാട്ടുകാർ ആണ് തങ്ങളെന്നും വീമ്പു പറയുന്ന ഇവർ മറന്നു പോകുന്ന പലതുണ്ട് ..
ഒരു സാധാരണ കർഷക കുടുംബമാണിന്ന് വേണുവേട്ടന്റേതെന്ന് .. വേണുവേട്ടനും ഒരു കർഷകൻ തന്നെയാണെന്ന്… ,
പണ്ടത്തെ ജന്മിത്തവും കുലമഹിമയും നശിച്ചുപോയത് ഇവരുടെ ഇത്തരം സ്വഭാവം കൊണ്ടു കൂടിയാണെന്ന്
” വേണൂ… ശ്യാമയെവിടെ? അവൾക്കിന്നും വയറുവേദനയാണോ..? ഞാൻ തന്നെ വേണ്ടിവരും ല്ലേ ഇന്നും അത്താഴമുണ്ടാക്കാൻ …?
അമ്മ ചോദിക്കുന്നതു മുറിയിൽ കേൾക്കാം .. തന്നെ കേൾപ്പിക്കാൻ തന്നെയാണ് …
തനിക്ക് വയറുവേദനയാണെന്ന് വേണു പറഞ്ഞറിഞ്ഞിട്ടു തന്നെയാണ് ഈ ചോദ്യോത്തരങ്ങൾ..
കൂടുതൽ ചോദ്യോത്തരങ്ങൾക്കവസരം നൽക്കാതിതിരുന്നാൽ പരാതികളുടെ കനം കുറയ്ക്കാം .. ഓർത്തുകൊണ്ട് ശ്യാമ അടുക്കളയിലേക്ക് നടന്നതും അടുക്കളയുടെ അവസ്ഥകണ്ടൊരു നിമിഷം അമ്പരന്നു പോയി ..
സിങ്കിൽ കുന്നുകൂടി കിടക്കുന്ന പാത്രങ്ങൾ മുതൽ വാരിവലിച്ചും ചിതറി തെറിച്ചും ഇട്ടിരിക്കുന്ന അടുക്കള സാധനങ്ങൾ വരെ അവളെ നോക്കി പല്ലിളിച്ചു …
കണ്ണുകളറിയാതെ നിറഞ്ഞവളുടെ …
പകൽ മുഴുവൻ വീട്ടിൽ വെറുതെയിരിക്കുന്ന ഒരമ്മയുള്ള വീടാണിത്…
രാവിലെ താൻപോകുമ്പോൾ ഭക്ഷണമെല്ലാം പാകം ചെയ്ത് വൃത്തിയാക്കിയിട്ട് താൻ പോകുന്നിടമാണ് അവർ ഈ അവസ്ഥയിൽ എത്തിക്കുന്നത് … ആരോടു പറയാൻ ….
അവൾ നിശബ്ദം തന്റെ ജോലി തുടങ്ങിയെങ്കിലും ഇടയ്ക്കിടെ ശക്തമായ രീതിയിൽ വയറുവേദനയവളെ ശല്യം ചെയ്യുന്നുണ്ടായിരുന്നു …
മൂന്നാലു മാസമായിട്ടിപ്പോൾ ഇങ്ങനെയാണ് ..
പിരീഡ്സ് വരുന്നതിനു മുമ്പുതന്നെ ശക്തമായ വയറുവേദന വരും ,പിരീഡ്സ് ആയാലത് ഒന്നുകൂടി വർദ്ധിക്കും…
നാളെയാണ് പിരീഡ്സ് ആവുന്നതെങ്കിൽ താൻ കുടുങ്ങിയതു തന്നെ ,നാളെ തിരക്കധികമുള്ള ദിവസമാണ് … ലീവു പോലും എടുക്കാൻ പറ്റില്ല … ആ ഓർമ്മയിൽ പോലും അവൾ പതറി…
ജോലികളോരോന്നായ് തീർത്തവൾ ഭക്ഷണം ഉണ്ടാക്കി എല്ലാവർക്കും നൽകി അടുക്കള വൃത്തിയാക്കിയതിനു ശേഷം ഒന്ന് കിടക്കാനായ് ബെഡ് റൂമിലെത്തിയപ്പോൾ അവളെ പ്രതീക്ഷിച്ചെന്ന പോലെ വേണു ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടായിരുന്നു…
വേദന കുറഞ്ഞോന്നു പോലും ചോദിക്കാതെയവൻ അവളുടെ ശരീരത്തിൽ കൈവെച്ചതും അവൾ ദേഷ്യത്തോടെയാ കൈ തട്ടിമാറ്റി ..
വീണ്ടും ഒന്നു രണ്ടു വട്ടം ഇതാവർത്തിച്ചപ്പോൾ വേണു ദേഷ്യത്തോടെ അവളെ നോക്കി ….
“നിനക്ക് പിരീഡ്സ് ആയിട്ടൊന്നും ഇല്ലല്ലോ എന്റെ കൈയിങ്ങനെ തട്ടി മാറ്റാൻ … ,,
“എന്റെ ഒപ്പം കിടന്നാൽ ഞാനിങ്ങനെയൊക്കെ തന്നെ പെരുമാറും പറ്റില്ലെങ്കിൽ താഴെ കിടന്നോ നീ ..
പറഞ്ഞു കൊണ്ടവൻ അവളുടെ തലയിണ എടുത്ത് താഴെയിട്ടു ..
ശ്യാമ ഒന്നും മിണ്ടാതെയാ വെറും നിലത്ത് ചുരുണ്ടുകൂടി കിടന്നു .. അവളുടെ കണ്ണുനീർ വീണു തലയിണ കുതിരുന്നുണ്ടായിരുന്നു..”ഞാൻ നിന്നെ മാത്രമേ ശ്യാമേ കുറ്റപ്പെടുത്തൂ..
” സ്വന്തം കാലിൽ നിൽക്കാനൊരു ജോലിയുള്ള നിന്നെ പോലുള്ള പെണ്ണുങ്ങൾ അടിമയെ പോലെ അവിടെ കടിച്ചു തൂങ്ങി നിൽക്കേണ്ട കാര്യമെന്താണ് …
“നിന്റെ മോൻ പോലും നിന്റെ അച്ഛനമ്മമാരുടെ ഒപ്പം ആണ് നിൽക്കുന്നത് ,”പിന്നെ നീയെന്തിനാ അവിടെ കടിച്ചുതൂങ്ങുന്നത് …?
സഹിക്കാൻ പറ്റാത്ത വയറുവേദനയാൽ ബാങ്കിലിരുന്ന് പുളഞ്ഞ ശ്യാമയെ ഹോസ്പിറ്റലിൽ കാണിച്ചു മടങ്ങുമ്പോൾ അവളുടെ കൂട്ടുകാരിയായ മായ അവളെ കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു …
തിരികെ വീട്ടിലെത്തിയപ്പോൾ ഡോക്ട്ടറെ കണ്ട കാര്യവും പോവേണ്ടി വന്ന സാഹചര്യവും പറഞ്ഞിട്ടും വേണു അനാവശ്യമായ് പണം ചിലവാക്കിയെന്നു പറഞ്ഞവളെ കുറെ ചീത്ത വിളിച്ചു …
അവന്റെ വാക്കുകൾക്ക് ചെവിക്കൊടുക്കാതെ ഡോക്ടർ തന്ന ഗുളികയും കഴിച്ച് കിടക്കുമ്പോൾ വേദനയിൽ നിന്നാശ്വാസം നേടുന്നത് ശ്യാമ തിരിച്ചറിയുന്നുണ്ടായിരുന്നു
കൃത്യമായ മരുന്നും ആവശ്യത്തിന് റസ്റ്റുമില്ലെങ്കിൽ വീണ്ടും വേദന വരുമെന്ന് ഡോക്ടർ പറഞ്ഞതവളുടെ മനസ്സിൽ വന്നു ,ഒപ്പം വീടിന്റെ അടുക്കളയിൽ തന്നെ കാത്തിരിക്കുന്ന ഭാരിച്ച ജോലികളും ….
മാറ്റങ്ങളൊന്നുമില്ലാതെ ദിവസങ്ങൾ മുന്നോട്ടു പോയൊരു ദിവസം അടുക്കളയിൽ ജോലിയിലായിരുന്ന ശ്യാമയുടെ ഫോൺ ബെല്ലടിച്ചപ്പോൾ അവളുടെ അമ്മായി അമ്മ ഫോണെടുത്തു
കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ വർദ്ധിച്ച സന്തോഷത്തോടെയവർ വേഗം അടുക്കളയിലേക്കോടി…”ശ്യാമേ… മോളെ ..
അമ്മ വിളിച്ചതും ശ്യാമ അമ്പരന്നമ്മയെ നോക്കി … തന്നെതന്നെയാണോന്ന ഭാവത്തിൽ …”മോളെ നിന്റെ കൂട്ടുകാരി മായ വിളിച്ചിരുന്നു..
നീ ഏതോ ഒരുലോണിന് അപേക്ഷിച്ചിരുന്നത് പാസായിട്ടുണ്ടെന്ന് പറഞ്ഞു …എന്ത് ലോണാ മോളെ …?അവർ അത്യധികം സന്തോഷത്തോടെ ചോദിച്ചതും ശ്യാമയുടെ മുഖം മങ്ങി ..
“അതമ്മേ…ഞാൻ അച്ഛൻ കുറച്ചുപണം തൽക്കാലത്തേക്ക് ചോദിച്ചപ്പോ ഒരു ലോണിന് അപേക്ഷിച്ചിരുന്നു ,അതാവും …എത്ര രൂപയുടെ ലോണാ..?
“അതു അമ്പതുലക്ഷം വരെ കിട്ടും ഞാൻ അച്ഛനു കൊടുക്കാൻ അഞ്ച് ലക്ഷമാണ് ആവശ്യപ്പെട്ടത് .. അച്ഛനു അത്രക്കും തിരിച്ചടക്കാനേ പറ്റുള്ളു …
ശ്യാമ പറഞ്ഞതും വേണുവിന്റെ അമ്മയുടെ മനസ്സിൽ ഒരു പാട് കൂട്ടി കിഴിക്കലുകൾ നടന്നു
വൈകുന്നേരം വേണു വന്നപ്പോൾ അവരീ കാര്യം പറഞ്ഞതും അവൻ അവളോട് വല്ലാതെ ദേഷ്യപ്പെട്ടു ,അച്ഛനെ സഹായിക്കാൻ ലോണെടുക്കാൻ പോയതിനെ പറ്റി മറച്ചുവെച്ചതിന് …
“വേണു സാരമില്ല ,അതവൾ അവളുടെ അച്ഛനെ സഹായിക്കാനല്ലേ ?” മാത്രമല്ല ആ പൈസ അവളുടെ അച്ഛൻ തിരിച്ചടക്കൂലേ… പിന്നെന്താ…?
“ഞാൻ ആലോച്ചിച്ചതതല്ല ,അമ്പതുലക്ഷം വരെ കിട്ടുംത്രേ ആ ലോൺ .. അഞ്ചു ലക്ഷം കഴിച്ച് ബാക്കി നാൽപ്പത്തഞ്ച് നമ്മുക്കെടുത്താൽ നമ്മുടെ പറമ്പിനപ്പുറത്ത് ഗോവിന്ദൻ വിൽക്കാനിട്ട ആ പറമ്പ് നമ്മുക്ക് വാങ്ങിയാലോന്നാ …
അമ്മ പറഞ്ഞതും വേണുവൊരു നിമിഷം ആലോചിച്ചു …”പൈസ വെറുതെ കിട്ടുന്നതല്ലമ്മേ ,അതു തിരിച്ചടക്കണ്ടേ ..?വേണു ചോദിച്ചു” അതിനെന്തിനാടാ നീ പേടിക്കുന്നത് അവളുടെ ശമ്പളത്തീന്ന് അവളടച്ചോളും …
” ഇതൊക്കെ നാളെ അവക്കും നിങ്ങളുടെ കുട്ടിക്കും കൂടിയല്ലേ….?”അതു പറ്റില്ലഅമ്മേ….,,
അമ്മയും മോനും പറയുന്നതു കേട്ടു നിന്നിരുന്ന ശ്യാമ പെട്ടന്നു പറഞ്ഞു”അതെന്താടി ഇപ്പോൾ പെട്ടൊന്നൊരു മുടക്കം..?
“അതു വേണുവേട്ടാ .. എന്റെ സാലറി സർട്ടിഫിക്കറ്റിന്റെ ബലത്തിലാ അഞ്ചു ലക്ഷം ലോൺ കിട്ടുന്നത് നിങ്ങൾ പറയുന്ന അത്രയും വലിയ സംഖ്യ ബാങ്ക് തരില്ല
” കാരണം ഈ വീടിന്റെ പുതുക്കി പണിയൽ ആവശ്യത്തിനു നിങ്ങൾ ലോണെടുത്തതും എന്റെ സാലറി സർട്ടിഫിക്കറ്റ് കാണിച്ചല്ലേ ..?
ശ്യാമ ചോദിച്ചതും വേണുവും അമ്മയും ഒന്നും മിണ്ടാതെ അവിടെ നിന്നു പോയി …..”ശ്യാമേ… കുറച്ചു കഴിഞ്ഞ് ഉമ്മറത്തു നിന്ന് വേണുവിന്റെ വിളി കേട്ടതും അവൾ വേഗം ഉമ്മറത്തെത്തി …
“ഞങ്ങൾ നിന്റെ കൂട്ടുകാരിയെ വിളിച്ചു സംസാരിച്ചു ലോണിന്റെ കാര്യം..”ബാങ്കിൽ ബാക്കിയുള്ള സംഖ്യ അടയ്ക്കാതെ തന്നെ വേണമെങ്കിൽ ഒരു കോടി വരെ നിനക്ക് ബാങ്ക് വായ്പ തരുംന്ന് ….
അവളെ കണ്ടതും വേണു പറഞ്ഞു”എനിക്ക് മനസ്സിലായില്ല വേണുവേട്ടാ …”നിന്റെ സാലറി സർട്ടിഫിക്കറ്റിനൊപ്പം നിന്റെ പേരിൽ കുറച്ചു വസ്തു കൂടി കാണിച്ചാൽ നീ പറയുന്നതുക ബാങ്ക് തരും.. നീ അവിടുത്തെ ജോലിക്കാരിയല്ലേ ടീ …
“അതിനെന്റെ പേരിൽ വസ്തുവൊന്നു ഇല്ലല്ലോ ..?”ഇല്ല, പക്ഷെ അമ്മയുടെ പേരിലുള്ള തറവാട്ടു വീടും സ്ഥലവും തൽക്കാലം നിന്റെ പേരിലാക്കാം ..
“ലോണടവ് തീർന്നു കഴിയുമ്പോൾ തിരിച്ചെഴുതാം നമ്മുക്ക്..”ഏട്ടനും അമ്മയും പറയും പോലെയാവട്ടെ … ശ്യാമ പറഞ്ഞു…
പിന്നീടെല്ലാം പെട്ടന്നായിരുന്നു വേണുവിന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന തറവാട് വീടും സ്ഥലവും ശ്യാമയുടെ പേരിലാക്കിയവർ ബാങ്ക് ലോണിനായ് കാത്തിരുന്നെങ്കിലും ലോൺ മാത്രം കിട്ടിയില്ല …
“ശ്യാമേ.. എടീ… ഗോവിന്ദന്റെ സ്ഥലം കച്ചവടമായ് .. എന്നിട്ടും നിന്റെ ലോൺ കിട്ടിയില്ലല്ലോ…?
വേണുവളോട് ദേഷ്യപ്പെട്ടതും അവളുടെ കണ്ണിലെ പേടി മാറി അവിടെയൊരു പുഞ്ചിരി തെളിഞ്ഞു..
“ലോൺ കിട്ടിയല്ലോ വേണുവേട്ടാ …കിട്ടിയെന്നോ ?എന്നിട്ടെവിടെ ..?”ആ പണം കൊണ്ട് ഞാൻ തന്നെയാണ് ഗോവിന്ദേട്ടന്റെ സ്ഥലം വാങ്ങണത് ..
നിങ്ങളുടെ നിലയ്ക്കും വിലയ്ക്കും ഒത്ത് എനിക്കും ഇത്തിരി മണ്ണൊക്കെ വേണ്ടേ സ്വന്തമായ് ….?”ഒരുമ്പട്ടോളെ ചതിക്കുകയായിരുന്നല്ലേ ടീ .. ?
ചോദിച്ചു കൊണ്ട് വേണു ശ്യാമയെ തല്ലാനായ് കൈ വീശിയതും ശ്യാമയാ കയ്യിൽ കയറി പിടിച്ചു എന്നിട്ട് ബാഗിൽ നിന്നൊരു പേപ്പറെടുത്തവനു നേരെ നീട്ടി…
ശ്യാമയുടെ പ്രവർത്തിയിൽ പകച്ചുപോയ വേണു ആ പേപ്പറിലേക്ക് നോക്കി”വായിക്കാൻ കഷ്ട്ടപ്പെടണ്ട, ഈ വീട്ടിൽ എന്റെ ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് ഞാൻ പോലീസിൽ കൊടുത്ത പരാതിയുടെ കോപ്പിയ
“എന്റെ ദേഹത്തൊരു വിരൽ തട്ടിയാൽ നിങ്ങൾ അകത്താ..”പിന്നെ ഞാൻ നിങ്ങളെ ചതിച്ചിട്ടൊന്നും ഇല്ല ഇത്രയും കാലം നിങ്ങളെടുത്ത് ചിലവാക്കിയ എന്റെ പണത്തിനും ആഭരണത്തിനും പകരമായിട്ട് കൂട്ടിയാ മതി അമ്മയുടെ തറവാടും വീടും..
“പിന്നെ ഗോവിന്ദേട്ടന്റെ സ്ഥലത്തിനെടുത്ത ലോണും ഞാൻ തന്നെ വേണമല്ലോ വീട്ടാൻ..
അപ്പോ പിന്നെ അതും എന്റെ പേരിലിരിക്കട്ടെ .. ഏത്.. കാര്യങ്ങൾ മനസ്സിലായല്ലോ അമ്മയ്ക്കും വേണുവേട്ടനും ഏകദേശം … ബാക്കി നമ്മുക്ക് പോകെ പോകെ പഠിക്കാം ട്ടോ …
“അപ്പോ ശരി ഞാനൊന്ന് കിടക്കട്ടെ…നല്ല ക്ഷീണം പറഞ്ഞു കൊണ്ട് ശ്യാമ വീടിനുള്ളിലേക്ക് നടന്നിട്ട് പെട്ടന്ന് തിരിഞ്ഞു നിന്നു.
“ആ.. അമ്മേ ഞാനിവിടുത്തെ വേലക്കാരിയുടെ ജോലി അവസാനിപ്പിച്ചു ട്ടോ .. എന്നെ സ്നേഹിക്കാത്തവർക്ക് വെച്ചുവിളമ്പുന്ന പണി ഞാൻ നിർത്തിന്ന് ..അപ്പോ ശരി ..
പറഞ്ഞു കൊണ്ടൊരു വിജയചിരിയോടെ റൂമിലേക്ക് നടക്കുമ്പോൾ ശ്യാമ മനസ്സിൽ നന്ദി പറയുകയായിരുന്നു കൂട്ടുകാരി മായയോട്..
കാര്യങ്ങൾ ഇങ്ങനെയെല്ലാം ആക്കിയതും, തീരുമാനമെടുക്കാൻ ശ്യാമ യെപ്രേരിപ്പിച്ചതും, അവൾക്ക് ധൈര്യം പകർന്നതുമെല്ലാം അവളായിരുന്നു…