(രചന: ആവണി)
ഏഴു വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞു ജയിലിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ നിർവികാരത മാത്രം ആയിരുന്നു. കാത്തിരിക്കാൻ ആരുമില്ലാത്തവൾക്ക് ഇതല്ലാതെ മറ്റെന്ത് വികാരം തോന്നാൻ ആണ്..!
ജയിലിന്റെ കവാടം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരുപാട് വർഷത്തിനു ശേഷം പുറംലോകം കാണുന്നതു കൊണ്ടുതന്നെ ആർത്തിയോടെ ചുറ്റുപാടും കണ്ണുകൾ പാഞ്ഞു നടന്നു.
തനിക്ക് പരിചയമുള്ള തന്നെ അറിയുന്ന ആരെങ്കിലും ഈ പരിസരത്ത് എവിടെയെങ്കിലും ഉണ്ടോ എന്ന് കണ്ണുകൾ കൊതിയോടെ അന്വേഷിക്കുന്നുണ്ടായിരുന്നു.
പക്ഷേ പ്രതീക്ഷകൾ ഒക്കെ അസ്ഥാനത്താക്കി കൊണ്ടായിരുന്നു അവിടത്തെ കാഴ്ചകൾ.
ജയിലിന് പുറത്ത് ചുറ്റുപാടും കണ്ണോടിച്ച് കുറച്ചു സമയം നിന്നെങ്കിലും ഇനി എങ്ങോട്ട് പോകണം എന്ന് വ്യക്തമായി ഒരു ധാരണ അവൾക്കുണ്ടായിരുന്നു.
കാത്തിരിക്കാൻ ആരുമില്ലെങ്കിലും സ്വന്തമായി ഒരു വീട് ഭദ്രയ്ക്ക് ഉണ്ട്. അവളുടെ അനിയേട്ടൻ സമ്പാദിച്ച വീട്..! അയാളുടെ ഒരു ആയുസ്സിന്റെ കഷ്ടപ്പാട് മുഴുവൻ ആ വീട്ടിൽ ആയിരുന്നു അയാൾ ചെലവഴിച്ചത്.
നാട്ടിലേക്കുള്ള ബസ്സിൽ കയറിയിരിക്കുമ്പോൾ ബസ്സിൽ പരിചയക്കാർ ആരെങ്കിലും ഉണ്ടായിരിക്കുമോ എന്ന് ഓർക്കുമ്പോൾ ഭദ്രയ്ക്ക് ചെറിയൊരു വിറയൽ തോന്നി. പിന്നെ അവൾ മനസ്സിനെ ശാസിച്ചു.
തെറ്റ് ചെയ്തവർ മാത്രമല്ലേ തല കുനിക്കേണ്ടതുള്ളൂ..! താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തനിക്കും തന്റെ മനസ്സാക്ഷിക്കും അറിയാവുന്നടത്തോളം കാലം ആരുടെ മുന്നിലും തലകുനിച്ചു നിൽക്കേണ്ട ആവശ്യമില്ല.
അവൾ തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.ബസ്സിൽ നാട്ടിൽ ഇറങ്ങുമ്പോൾ, അവിടെ നിൽക്കുന്ന പല കണ്ണുകളും തന്റെ നേരെയായി എന്ന് ഭദ്രയ്ക്ക് അറിയാമായിരുന്നു. എങ്കിലും ആരെയും തലയുയർത്തി നോക്കാനോ പരിചയം കാണിക്കാനോ ഭദ്ര ശ്രമിച്ചില്ല.
കാരണം കാണുന്ന കണ്ണുകളിൽ ഒക്കെ ഒന്നുകിൽ പരിഹാസം ആയിരിക്കും. അല്ലെങ്കിൽ പുച്ഛവും വെറുപ്പും ആയിരിക്കും. ഇങ്ങനെ ഒന്നും തനിക്ക് കാണേണ്ട ആവശ്യമില്ല. എന്തെങ്കിലും ആരെങ്കിലും പറഞ്ഞാലും അത് തന്നെ ബാധിക്കുന്ന വിഷയമല്ല.
കുറച്ചു നേരത്തെ നടത്തത്തിന് ശേഷം ഒരു ഇടവഴി കയറി അവൾ തന്റെ വീടിനു മുന്നിലെത്തി. മുറ്റത്തു നിന്ന് ആ വീട്ടിലേക്ക് നോക്കുമ്പോൾ എത്രയൊക്കെ ശ്രമിച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുക തന്നെ ചെയ്തു.
ഈ വീട്.. അനിയേട്ടന്റെ ഒരു ആയുസ്സിന്റെ ഫലം.. തന്റെ സന്തോഷങ്ങളും സന്താപങ്ങളും ഒക്കെ കണ്ടയിടം..!
കണ്ണുനീർ തുടച്ചു കൊണ്ട് തന്റെ കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്ന് വീടിന്റെ താക്കോൽ അവൾ കണ്ടെടുത്തു. വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ അവിടെ കസേരയിൽ അനി ഇരിപ്പുണ്ട് എന്ന് അവൾക്ക് തോന്നി.
കൊതിയോടെ അവൾ അവനു അടുത്തേക്ക് പാഞ്ഞു. പക്ഷേ അതൊരു സ്വപ്നം മാത്രമായിരുന്നു എന്ന് നിമിഷങ്ങൾക്കകം അവൾക്ക് ബോധ്യപ്പെട്ടു.
” എന്തിനാ അനിയേട്ടാ എന്നെ തനിച്ചാക്കി പോയത്.. അതുകൊണ്ടല്ലേ ഞാൻ ഇത്രയൊക്കെയും അനുഭവിക്കേണ്ടി വന്നത്..!”
ചുവരിലെ അവന്റെ ഫോട്ടോയിലേക്ക് നോക്കി അവൾ അലറി കരഞ്ഞു.അവളുടെ കൺമുന്നിൽ തങ്ങളുടെ പഴയകാലം അരങ്ങേറുകയായിരുന്നു.
അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു പോയതു കൊണ്ട് തന്നെ വകയിലുള്ള ഒരു അമ്മാവന്റെ വീട്ടിൽ ആയിരുന്നു ഭദ്രയുടെ ജീവിതം. ജീവിതം എന്നു പറഞ്ഞാൽ ആഡംബരത്തോടെയുള്ള ഒരു ജീവിതം ഒന്നുമല്ല.
കഴിക്കാൻ മൂന്നു നേരവും ആഹാരം കിട്ടും എന്നല്ലാതെ മറ്റൊരു യാതൊരു തരത്തിലുള്ള ആഡംബരങ്ങളും ആ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. പക്ഷേ മൂന്നു നേരമുള്ള ഈ ആഹാരം തന്നെ ഭദ്രയെ സംബന്ധിച്ച് ആ കാലഘട്ടത്തിൽ വലിയൊരു കാര്യമായിരുന്നു.
അതിന് പകരമായി അവളെ കൊണ്ട് ആ വീട്ടിലുള്ള പണികളൊക്കെ ചെയ്യിക്കാൻ അമ്മായിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ആ ചെറിയ പ്രായത്തിൽ തന്നെ കൊണ്ട് കഴിയുന്നതൊക്കെ അവൾ ആ വീട്ടിൽ ചെയ്യുമായിരുന്നു.
ഗവൺമെന്റ് സ്കൂളിൽ പഠിപ്പിക്കാൻ ഫീസിന്റെ ആവശ്യമില്ല എന്നുള്ളതു കൊണ്ടും നിർബന്ധിത വിദ്യാഭ്യാസം എന്നുള്ള സമ്പ്രദായം നിലനിൽക്കുന്നതു കൊണ്ടും പത്താം ക്ലാസ് വരെ അവൾക്ക് പഠിക്കാൻ സാധിച്ചു.
അതു കഴിഞ്ഞതോടെ പഠിപ്പിക്കാൻ ഒരുപാട് പണം ചെലവാകും എന്ന് കരുതി അവളുടെ പഠനം അമ്മാവൻ നിർത്തിച്ചു. എത്രയും പെട്ടെന്ന് അവളെ വിവാഹം കഴിപ്പിച്ച് ഒഴിവാക്കി വിടണം എന്ന് അമ്മായി നിരന്തരം അമ്മാവനോട് പറയാറുണ്ടായിരുന്നു.
അങ്ങനെയിരിക്കെ വർക്ക് ഷോപ്പ് പണിക്കാരൻ ആയ അനി ഒരിക്കൽ ഭദ്രയെ കണ്ടുമുട്ടി. ആരോരും ഇല്ലാത്ത അവനെ അവളെ കണ്ടപ്പോൾ തന്റെ ഇനിയുള്ള ജീവിതത്തിൽ അവൾ ഒപ്പമുണ്ടായിരുന്നെങ്കിൽ എന്നുള്ള ഒരു ആഗ്രഹം തോന്നി.
അവൻ തന്റെ ഇഷ്ടം അവളോട് തുറന്നു പറയുന്നതിന് മുൻപ് തന്നെ അവളുടെ വീട്ടിൽ ആണ് അതിനെക്കുറിച്ച് സംസാരിച്ചത്.
എങ്ങനെയെങ്കിലും അവളെ ഒഴിവാക്കി വിട്ടാൽ മതി എന്ന് ചിന്തിച്ചു കൊണ്ടിരുന്ന വീട്ടുകാർക്ക് ഇതിൽപരം നല്ലൊരു അവസരം കിട്ടാനുണ്ടായിരുന്നില്ല.
ഏറ്റവും അടുത്ത ഒരു മുഹൂർത്തത്തിൽ അനിയും ഭദ്രയും തമ്മിലുള്ള വിവാഹം വീട്ടുകാർ നടത്തി കൊടുത്തു.
ഭദ്രയ്ക്ക് അവനോട് അടുക്കാൻ ആദ്യം ഒരു മടി ഉണ്ടായിരുന്നെങ്കിലും അവളുടെ ജീവിതം ഇനി അവനോടൊപ്പം സുരക്ഷിതമായിരിക്കും എന്ന ബോധ്യം വന്ന നിമിഷം മുതൽ തന്റെ പ്രാണനെ പോലെ അവൾ അവനെ സ്നേഹിച്ചു തുടങ്ങി.
പക്ഷേ പെട്ടെന്നൊരു ദിവസം വർക്ക് ഷോപ്പിൽ പോയ അനി തിരികെ വന്നില്ല. അവന്റെ വർക്ക് ഷോപ്പിലേക്ക് ഏതോ ഒരു വണ്ടി നിയന്ത്രണം വിട്ട് ഇടിച്ചു കയറി മെഡിക്കൽ കോളേജ് ഐസിയുവിൽ ആണ് അവൻ എന്നൊരു വാർത്തയാണ് അവൾ അറിഞ്ഞത്.
അധികം വൈകാതെ അവൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇനിയും അവൾ തങ്ങളുടെ ബാധ്യതയായി മാറും എന്നുള്ള തോന്നൽ കൊണ്ടാവും അമ്മാവൻ പിന്നീട് ആ വഴിക്ക് വന്നില്ല.
തന്റെ അധ്വാനം കൊണ്ട് അനി പണിത ആ വീട്ടിൽ അവൾ തന്റെ ദിവസങ്ങൾ തള്ളിനീക്കി.
പക്ഷേ ഒരു ദിവസം രാത്രിയിൽ ആ വീടിന്റെ വാതിൽക്കൽ ആരോ മുട്ടി. ആ സമയത്ത് വീട്ടിൽ വന്നത് ആരാണ് എന്നൊരു ഭയം ഉണ്ടായിരുന്നു എങ്കിലും, ധൈര്യം സംഭരിച്ച് അവൾ വാതിൽ തുറന്നു.
അനിയുടെ മുതലാളിയായ മനോഹരനെ കണ്ടപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി. ആരുമില്ലാതിരുന്ന അനിക്ക് ഒരു സഹോദരന്റെ സ്ഥാനത്തു തന്നെയായിരുന്നു മനോഹരൻ.
പക്ഷേ അയാളുടെ നോട്ടവും ഭാഗവും ഒന്നും ശരിയല്ല എന്ന് അവൾക്ക് തോന്നിയപ്പോൾ അവൾ അയാളെ പുറത്താക്കി വാതിൽ അടയ്ക്കാൻ ശ്രമിച്ചു.
” നീ ഇങ്ങനെ പതിവ്രത ചമയുന്നതു കൊണ്ട് നിനക്ക് എന്ത് ലാഭമാണ് ഉള്ളത്.. നീ ഒന്ന് കണ്ണടച്ചാൽ നിന്നെ ഇവിടെ മഹാറാണിയായി വാഴിക്കുന്ന കാര്യം ഞാനേറ്റു.
അനി നിന്നെ കല്യാണം കഴിച്ചു കൊണ്ടു വന്നപ്പോൾ തന്നെ നിന്നെ ഞാൻ നോട്ടം ഇട്ടതാണ്. ഇപ്പോൾ എന്തായാലും അവൻ ജീവനോടെ ഇല്ലല്ലോ. ഇനി വേണമെങ്കിൽ നിനക്ക് എന്നെ സ്നേഹിക്കുന്നത് കൊണ്ട് കുഴപ്പമൊന്നും ഉണ്ടാകില്ല. ”
ഒരു വഷളൻ ചിരിയോടെ അയാൾ പറഞ്ഞപ്പോൾ,അവൾക്ക് സങ്കടത്തേക്കാൾ ഉപരി ദേഷ്യമാണ് തോന്നിയത്. ഇങ്ങനെ ഒരുത്തനെ അനി വിശ്വസിച്ചിരുന്നു എന്ന് ഓർക്കുമ്പോൾ അവൾക്ക് അതിയായ വേദന തോന്നി.
” അനിയേട്ടൻ ജീവനോടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാൾ അല്ലാതെ മറ്റൊരാളും എന്റെ ശരീരത്തിൽ തൊടില്ല. അതിന് ഞാൻ അനുവദിക്കുകയും ഇല്ല. ”ദേഷ്യത്തോടെ അവൾ അത് പറയുമ്പോൾ അയാളുടെ മുഖം കുറച്ചു കൂടി ക്രൂരമായി.
” നീ ഇങ്ങനെ പതിവ്രതയായ ഭാര്യ ചമയും എന്ന് അറിയാവുന്നതു കൊണ്ട് തന്നെയാണ് കിട്ടിയ അവസരത്തിൽ അവനെ ഞാൻ കൊന്നു തള്ളിയത്. എന്നിട്ടും നിന്റെ മനസ്സിൽ അവന് യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് ഓർക്കുമ്പോൾ എനിക്ക് പുച്ഛം തോന്നുന്നു. ”
അയാൾ പറഞ്ഞ വാക്കുകൾ അവളുടെ ഹൃദയം കീറിമുറിക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്.
” താൻ എന്താ പറഞ്ഞത്..? എന്റെ അനിയേട്ടനെ താൻ കൊന്നതാണെന്നോ..? ”
താൻ കേട്ടത് തെറ്റിപ്പോയതാണോ എന്ന് ഉറപ്പിക്കാൻ വേണ്ടി അവൾ ഒരിക്കൽ കൂടി ചോദിച്ചു.” എന്തേ ആ കാര്യത്തിൽ നിനക്ക് സംശയം വല്ലതുമുണ്ടോ..?
അവൻ വർക്ക്ഷോപ്പിൽ ഒറ്റയ്ക്കാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ കൂലിക്ക് ആളെ വച്ച് വർക്ക് ഷോപ്പിലേക്ക് ആ ലോറി ഇടിച്ചു കയറ്റിയത്. എന്റെ ഭാഗ്യം കൊണ്ട് അവനപ്പോൾ തന്നെ ചത്തു കിട്ടി.”
അത്രയും പറഞ്ഞു അയാൾ ആർത്തു ചിരിക്കുമ്പോൾ, അവളുടെ കണ്ണുകൾ ചുറ്റും പാഞ്ഞു നടന്നു. ഒടുവിൽ അവളുടെ കയ്യിൽ തടഞ്ഞത് ഒരു വടിവാൾ ആയിരുന്നു.
അതുകൊണ്ട് അയാളെ തലങ്ങും വിലങ്ങും വെട്ടി മുറിവേൽപ്പിക്കുമ്പോൾ, തന്റെ അനിയേട്ടനെ ഉപദ്രവിച്ചവനോട് പ്രതികാരം ചെയ്തു എന്നൊരു തോന്നൽ മാത്രമാണ് അവൾക്കുണ്ടായിരുന്നത്.
പോലീസ് അന്വേഷണം വന്നപ്പോൾ ചെയ്തത് എല്ലാവരോടും തുറന്നു പറയാൻ അവൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.
എല്ലാം എല്ലാവരോടും തുറന്നു പറഞ്ഞിട്ടും നാട്ടിൽ ഭർത്താവില്ലാത്ത സമയത്ത് അയാളുടെ കൂട്ടുകാരനെ വീട്ടിൽ വിളിച്ചു കയറ്റിയവൾ എന്നൊരു പേര് തനിക്കുണ്ട് എന്ന് അവൾക്ക് നേരത്തെ തന്നെ മനസ്സിലായിരുന്നു.
ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
ഇനി എന്തുവന്നാലും ഈ നാട്ടിൽ നിന്ന് ഒരു ഒളിച്ചോട്ടം ഇല്ല. പറയുന്നവർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ.. താൻ ചെയ്തത് ശരിയാണെന്ന് തനിക്കറിയാം..
ഇനിയുള്ള ജീവിതം ഇവിടെ തന്നെ.. എന്റെ അനിയേട്ടന്റെ മണ്ണിൽ..! അവൾ മനസ്സിൽ ഉറപ്പിച്ചു.