പണ്ട് ഞാൻ ടൂവീലർ ലൈസൻസ് എടുക്കാൻ പോയപ്പോൾ ഭർത്താവാണ് പറഞ്ഞത് അതിനൊപ്പം തന്നെ ത്രീവീലറിന്റെയും ഫോർ വീലറിന്റെയും ലൈസൻസ് എടുക്കാൻ
അങ്ങനെ, മടിയായിരുന്നെങ്കിലും ഭർത്താവ് ഒരുപാട് നിർബന്ധിച്ചത് കൊണ്ട് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാൻ മൂന്ന് ലൈസൻസും സ്വന്തമാക്കി
ഇപ്പോൾ പിന്നെ ഫോർവീലർ ലൈസൻസ് ഉണ്ടെങ്കിൽ ,ത്രീവീലറും ഓടിക്കാം എന്ന് നിയമമായി, ഇപ്പോൾ ഞാൻ ഇത്
പറയാൻ കാരണം മറ്റൊന്നാണ്.
ഞാനും ഭർത്താവും അദ്ദേഹത്തിൻ്റെ അമ്മയും ഞങ്ങളുടെ രണ്ട് മക്കളും അടങ്ങിയതായിരുന്നു എൻ്റെ കുടുംബം
ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു മക്കൾ രണ്ട് പേരും പഠിച്ചുകൊണ്ടിരിക്കുന്നു രണ്ടു പെൺമക്കളാണ് ഞങ്ങൾക്ക് .
ഡിഗ്രി പഠിച്ച് കൊണ്ടിരുന്നപ്പോഴായിരുന്നു എൻ്റെ വിവാഹം, ചേട്ടൻ പത്താം ക്ളാസ്സ് ജസ്റ്റ് പാസായതാണ് ,അതും മൂന്നാമത്തെ ശ്രമത്തിനൊടുവിൽ
എന്നിട്ടും എന്നെ പഠിപ്പിക്കാൻ അദ്ദേഹം എഫർട്ടെടുത്തു , ഞാൻ ഡിഗ്രി പൂർത്തിയാക്കിയിട്ട് PSC കോച്ചിങ്ങ് ക്ളാസ്സുകളിൽ പോയി തുടങ്ങി.
അങ്ങനെ ഞങ്ങടെ മൂന്ന് പേരുടെ ഫീസും വീട്ട് ചിലവും കൂടെ ,ചേട്ടൻ്റെ ഒരാളുടെ വരുമാനത്തിൽ മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോൾ, ഞാൻ കൂടി എന്തെങ്കിലും തൊഴിലിന് പോകാമെന്ന് ഏട്ടനോട് പറഞ്ഞതാണ്.
പക്ഷേ അദ്ദേഹം സമ്മതിച്ചില്ല ,
വേണ്ട, വീട്ട് ജോലിയും PSC പഠിത്തവും, പിന്നെ അതിനിടയ്ക്ക് മറ്റൊരു ജോലിയും കൂടെ ആയാൽ, നിൻ്റെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞാണ്, എന്നെ അദ്ദേഹം വിടാതിരുന്നത് ,
നിനക്കൊരു സർക്കാർ ജോലി കിട്ടിയിട്ട് വേണം ,എനിക്കൊന്ന് വിശ്രമിക്കാനെന്ന്, അദ്ദേഹം എപ്പോഴും തമാശയ്ക്ക് പറയുമായിരുന്നു.
ഇതിനിടയിലാണ് ,ഡ്രൈവിങ് ലൈസൻസ് കൂടി എടുത്ത് വയ്ക്കണമെന്നദ്ദേഹം എന്നെ നിർബന്ധിച്ചത്, ജോലി കിട്ടുന്നത്, ദൂരെ എങ്ങാനുമാണെങ്കിൽ ബസ്സിലൊക്കെ കയറിയിറങ്ങി, ഞാൻ ബുദ്ധിമുട്ടേണ്ടി വരരുതെന്ന ദീർഘവീക്ഷണത്തോടെയാണ് അന്നത് ചെയ്യിച്ചത്.
അങ്ങനെ ലൈസൻസ് എടുക്കാൻ പോകുന്ന നേരത്താണ്, അദ്ദേഹം എന്നോട് കാറിന്റെയും ഓട്ടോറിക്ഷയുടെയും കൂടെ ലൈസൻസ് എടുക്കാൻ ആവശ്യപ്പെട്ടത്
അങ്ങനെ ഞങ്ങളുടെ കുടുംബജീവിതം സന്തോഷകരമായി മുന്നോട്ടു പോകുമ്പോഴാണ് ,ഒരു ഇടിത്തീ പോലെ
ആ വാർത്ത ഞാൻ കേൾക്കുന്നത്, ഭർത്താവിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയെന്ന്.
നിലവിളിയോടെയാണ് ,ഞാൻ ജനറൽ ആശുപത്രിയിലേയ്ക്ക് ഓടിയെത്തുന്നത്
പക്ഷേ അപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.
കുറച്ച് നേരത്തേയ്ക്ക് ഒരു തരം മരവിപ്പായിരുന്നെനിയ്ക്ക്, ചിതയിലേയ്ക്ക് എടുക്കുന്നത് വരെ , വെള്ള പുതച്ച് നിശ്ചലമായി കിടക്കുന്ന, അദ്ദേഹത്തിൻ്റെ മുഖത്തേയ്ക്ക് ഞാൻ, ഉറ്റ് നോക്കിയിരിക്കുകയായിരുന്നു.
സാരമില്ലെടോ , ഞാനില്ലെങ്കിലും നീ എൻ്റെ അമ്മയെയും മക്കളെയും പൊന്ന് പോലെ നോക്കുമെന്ന് എനിക്കറിയാമെന്ന് അദ്ദേഹം എന്നോട് പറയുന്നത് പോലെ എനിയ്ക്ക് തോന്നി
എൻ്റെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീര് പോലും പൊഴിയാതിരുന്നപ്പോൾ എല്ലാവർക്കും ആശങ്കയായിരുന്നു
ഞാൻ ഡിപ്രഷനിലേയ്ക്ക് പോകുമെന്നും എൻ്റെ പിഞ്ച് കുഞ്ഞുങ്ങൾ അനാഥരാകുമെന്നും അവർ ഭയന്നു
പക്ഷേ, എനിക്കങ്ങനെ യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാനാകില്ലല്ലോ ?
താനില്ലെങ്കിലും തൻ്റെ കുടുംബം മുന്നോട്ട് പോകണമെന്ന് ചിന്തയുണ്ടായിരുന്നത് കൊണ്ടാണല്ലോ ? അദ്ദേഹമെന്നെ ഓരോ കാര്യങ്ങളും പഠിപ്പിച്ച് കൊണ്ടിരുന്നത് ?
ഞാനത് നിറവേറ്റാൻ ബാധ്യസ്ഥയാണ്, ഇല്ലെങ്കിൽ, എൻ്റെ ചേട്ടൻ്റെ ആത്മാവിന് ശാന്തി കിട്ടില്ലെന്ന്, എനിക്കറിയാം
അത് കൊണ്ട് ,പതിനാറടിയന്തിരം
കഴിഞ്ഞ്, ഞാൻ നേരെ ചെന്നത്
ഏട്ടൻ ഓടിച്ചോണ്ടിരുന്ന ഞങ്ങടെ
ഓട്ടോറിക്ഷ , മൂടിയിട്ടിരുന്ന ഷെഡ്ഡിലേയ്ക്കായിരുന്നു.
എൻ്റെ ഉദ്ദേശ്യം എന്താന്ന് മനസ്സിലായിട്ടാവണം എൻ്റെ അമ്മ അടുത്തേയ്ക്ക് വന്നു
മോളേ, കുറച്ച് നാളുകൾ കൂടി കഴിഞ്ഞിട്ട് പോരെ ? ആൾക്കാര് അതുമിതുമൊക്കെ പറയില്ലേ? അവൻ മരിച്ചിട്ട് പതിനാറ് കഴിഞ്ഞതല്ലേയുള്ളു ?വെറുതെയെന്തിനാ മറ്റുള്ളോരെ കൊണ്ട് പറയിപ്പിക്കുന്നത് ?
പറയുന്നോര് പറയട്ടമ്മേ , അതും നോക്കി യിരുന്നാൽ എനിയ്ക്കും എൻ്റെ കൊച്ചുങ്ങൾക്കും ജീവിക്കണ്ടേ ?ഞാൻ പോകുന്നത് ആരുടെയും മുന്നിൽ തുണിയഴിക്കാനല്ലല്ലോ ? നല്ല അന്തസ്സോടെ ഓട്ടോറിക്ഷ ഓടിക്കാനല്ലേ ?
അതിന് വേണ്ടി തന്നെയാവില്ലേ എന്നോടന്ന് ത്രീവീലർ ലൈസൻസ് കൂടി എടുക്കാൻ അദ്ദേഹം നിർബന്ധിച്ചത് ?
അതോടെ അമ്മ പിന്നെ ഒരക്ഷരം മിണ്ടിയില്ല
ഇപ്പോഴും ചേട്ടൻ എൻ്റെ കൂടെ തന്നെയുണ്ടെന്നാണ് എൻ്റെ വിശ്വാസം, കാരണം ,അദ്ദേഹം അവസാന സമയത്ത് ഇട്ടിരുന്ന, കാക്കി ഷർട്ട് ഞാനിത് വരെ അലക്കിയിട്ടില്ല , കിടപ്പ്മുറിയിലെ അലമാരയിൽ, ഒരു ഹാംങ്ങറിൽ ഞാനത് സൂക്ഷിക്കുന്നത് ,ആ ഗന്ധം പേറി ജീവിക്കാനാണ് ,ജീവിച്ചിരുന്നപ്പോൾ മാത്രമല്ല, മരിച്ച് കഴിഞ്ഞിട്ടും എൻ്റെ ഊർജ്ജം ആ സാന്നിദ്ധ്യം തന്നെയാണ് ,
ഇനിയൊരു ജന്മമുണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ ഭാര്യയായി തന്നെ എനിയ്ക്ക് ജീവിച്ചാൽ മതി ,അതാണെൻ്റെ ഏറ്റവും വലിയ ആഗ്രഹം.
NB:-നിർത്തട്ടെ, ഇതൊരു കഥയല്ല , ഒരു സ്ത്രീയുടെ ജീവിതമാണ് , പലർക്കും ജീവിതത്തിനിടയ്ക്ക് ഇണയെ നഷ്ടപ്പെട്ടേക്കാം, ആ സമയത്ത് പകച്ച് നില്ക്കരുത്, അത് കൊണ്ട് ഒരു മുൻകരുതൽ നല്ലതാണ് , കാരണം ,ജീവിതം സ്വയം അവസാനിപ്പിക്കാനുള്ളതല്ല ,അത് ജീവിച്ച് തീർക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ് , എന്തിനെന്നാൽ ,നമ്മളെ ആശ്രയിക്കുന്ന നിരവധി പേർ, പിന്നെയുമുണ്ടെന്ന് മറക്കരുത് !
NB:- ഇഷ്ടമായെങ്കിൽ ഒരു വരി കുറിക്കാൻ മറക്കരുത്
തൈപ്പറമ്പൻ .
