ആദ്യരാത്രി തന്നെ മനസ്സിലായി മദ്യം ഇല്ലാതെ നന്ദേട്ടന് ഉറങ്ങാൻ പറ്റില്ലെന്ന്…എത്ര മദ്യപിച്ചാലും തന്നെയും കുട്ടികളെയും മറക്കില്ല

പ്രതിഫലം
(രചന: Jolly Shaji)

തുള്ളിതോരാതെ പെയ്യുന്ന മഴയിൽ നിന്നും ഗായത്രി ആശുപത്രി വരാന്തയിലേക്ക് കയറിയത് ആകെ നനഞ്ഞായിരുന്നു .. കയ്യിലിരുന്ന കുട മടക്കി മറുകയ്യിൽ പിടിച്ചിരുന്ന ബിഗ്ഷോപ്പറിൽ നിന്നും ചെറിയ കവർ എടുത്ത് അതിലേക്കു വെച്ചു…

ആകെ നനഞ്ഞിരുന്ന സാരി മെല്ലെ കുടഞ്ഞു നേരെയാക്കി ഹോസ്പിറ്റൽ വാർഡ് ലക്ഷ്യമാക്കി വേഗത്തിൽ നടക്കുമ്പോളാണ് പിന്നിൽ നിന്നും ആരുടെയോ വിളി കേൾക്കുന്നത്…

“ഗായത്രി… അവൾ തിരിഞ്ഞു നോക്കി… ഗൗരിശങ്കർ… അവൾ അശ്ചര്യത്തോടെ അവനെ നോക്കി നിന്നും..”തനിക്കെന്നെ മനസ്സിലായോ…”

“ഗൗരി അല്ലേ… എന്തൊരു മാറ്റം ആണെടാ ഇത്.. താനിപ്പോ എവിടെയാണ്..””തനിക്കു പക്ഷെ ഒരു മാറ്റവും ഇല്ലല്ലോ… മുൻപത്തെക്കാൾ അല്പം മെല്ലിച്ചു അത്രേ ഉള്ളു…”

“ഗൗരി എന്താ ഇവിടെ..” “അച്ഛനെയും കൊണ്ട് വന്നതാണ്… താനോ… നന്ദേട്ടൻ എവിടെ..”

“നന്ദേട്ടൻ ഇവിടെ അഡ്മിറ്റ്‌ ആണ് ഗൗരി… കുറേ നാളുകളായി ഇവിടുത്തെ ചികിത്സ ആണ്… അച്ഛന്റെ അവസ്ഥ എന്താണ്..”

“അച്ഛന് അസുഖം വന്നത് അറിഞ്ഞില്ല… തേർഡ് സ്റ്റേജിൽ ആണ് അറിയുന്നത്…” “ഗൗരി ഇപ്പൊ എവിടെയാ… ഭാര്യ, കുട്ടികൾ എല്ലാർക്കും സുഖമല്ലേ…”

“മം ഭാര്യക്ക് സുഖം.. കുട്ടികൾ ആയിട്ടില്ല ഇതുവരെ… ഞാൻ ഗൾഫിൽ തന്നെ ആരുന്നു.. ഇപ്പോൾ ലീവിൽ ആണ് അടുത്താഴ്ച തിരിച്ചു പോകണം…”

“ആണോ.. എങ്കിൽ ഞാൻ അങ്ങ് ചെല്ലട്ടെ ഗൗരി…. നന്ദേട്ടന്റെ സ്വഭാവം അറിഞ്ഞൂടെ ലേറ്റ് ആയാൽ ബഹളം വെക്കും…”

“ഇപ്പോഴും സ്വഭാവത്തിൽ മാറ്റമൊന്നും ഇല്ലല്ലേ ..””ഇനി എന്ത് മാറിയിട്ടെന്താ ഗൗരി… ഉള്ളത്രേം സന്തോഷമായി പോട്ടെ…”

“എന്നെ കണ്ടാൽ ആൾക്ക് വീണ്ടും ദേഷ്യമാകും അല്ലെങ്കിൽ ഞാൻ വന്നേനെ ഒന്ന് കാണാൻ…”

“വേണ്ട ഗൗരി ഇപ്പോഴും ഇടക്കൊക്കെ കുത്തി വേദനിപ്പിക്കാറുണ്ട് എന്നെ… ഗൗരിയെ കണ്ടാൽ എന്തെങ്കിലുമൊക്കെ പറയും… വേദനയൊക്കെ കൂടി ആയപ്പോൾ ആളെന്താ പറയുന്നത് എന്ന് അദ്ദേഹത്തിന് പോലും അറിയില്ല. “അവളുടെ മുഖത്തെ സങ്കടം ഗൗരി തിരിച്ചറിഞ്ഞു..

“ഗായത്രി… എന്റെ നമ്പർ തരാം താൻ എന്നേ വിളിക്കണം.. ” ഗൗരി പോക്കറ്റിൽ നിന്നും പേനയെടുത്ത് ഒരു തുണ്ട് പേപ്പറിൽ അവന്റെ നമ്പർ എഴുതി അവൾക്ക് കൊടുത്തു… ഒപ്പം പേഴ്സിൽ നിന്നും കുറച്ച് കാശ് എടുത്ത് അവൾക്ക് നേരെ നീട്ടി..

“ദാ ഇത് വെച്ചോ… നിനക്ക് എന്ത് ആവശ്യം ഉണ്ടായാലും എന്നെ വിളിക്കാം.. വിളിക്കണം..”ഗായത്രി പൈസ വാങ്ങാൻ മടിച്ചു…”എന്താടോ വാങ്ങാൻ മടിക്കുന്നത്..”

“ഒരിക്കൽ എന്നെയൊരുപാടു സഹായിച്ചിട്ടുണ്ട്… എന്നിട്ടും കിട്ടിയത് കുറേ ചീത്ത വാക്കുകൾ അല്ലേ.. വീണ്ടും എന്നെ സഹായിക്കാൻ മനസ്സ് കാണിക്കുന്നു…”

“സെന്റിമെന്റ്സ് ഒന്നും വേണ്ട… എന്നെ ഒരുപാട് സ്നേഹിച്ച ആളല്ലേ..” അവൻ പൈസ അവളുടെ കയ്യിലെക്ക് വെച്ച് കൊടുത്തിട്ടു വേഗം തിരിഞ്ഞു നടന്നു.. നന്ദേട്ടന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന ആളാണ് ഗൗരി ശങ്കർ…

കല്യാണം കഴിഞ്ഞപ്പോളാണ് അദ്ദേഹം മദ്യത്തിന് ഇത്രയും അടിക്ട് ആയ ആളാണെന്ന് അറിയുന്നത്… ഒരുപാട് സ്വപ്‌നങ്ങളുമായി പത്തൊൻപതാം വയസ്സിൽ ആ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറിയതാണ്…

ആദ്യരാത്രി തന്നെ മനസ്സിലായി മദ്യം ഇല്ലാതെ നന്ദേട്ടന് ഉറങ്ങാൻ പറ്റില്ലെന്ന്…എത്ര മദ്യപിച്ചാലും തന്നെയും കുട്ടികളെയും മറക്കില്ല…ഓഫീസിൽ നിന്നും ഇറങ്ങിയാൽ നേരെ മാർക്കറ്റിൽ പോയി വീട്ടിലേക്ക് സാധനങ്ങൾ കുട്ടികൾക്ക് പലഹാരം ഒക്കെ വാങ്ങും അതുമായി നേരെ ബാറിലേക്ക്…

മിക്കവാറും അതൊക്കെ അവിടെ വെച്ച് മറക്കും.. കൂട്ടുകാർ ആരെങ്കിലുമാവും മിക്കവാറും വീട്ടിൽ കൊണ്ടാക്കുക…

കാർ വാങ്ങിയതിൽ പിന്നെ ഗൗരിയുടെ കയ്യിൽ സാധനങ്ങൾ വാങ്ങി കൊടുത്തു വിട്ടിട്ട് ആള് നേരെ ബാറിലേക്ക് പോകും… ബോധം കെടുമ്പോൾ ഗൗരി തന്നെയാവും മിക്കവാറും വീട്ടിൽ കൊണ്ടുവന്ന് വിടുന്നത്..

ആദ്യമൊക്ക ഗൗരിയോട് ഒരു സഹോദരനെപോലെ ഉള്ള സ്നേഹം ആയിരുന്നു…

നന്ദേട്ടനേക്കാൾ തന്നെയും മക്കളെയും ഒരോ സ്ഥലത്തും കൊണ്ടുപോകുന്നതുമൊക്ക ഗൗരി ആയിരുന്നു.. കുട്ടികൾക്ക് ഒരസുഖം വന്നാൽ പോലും ഗൗരിയാണ് ഹോസ്പിറ്റലിൽ കൂടെ വരുന്നത്…

പലപ്പോഴും ഡോക്ടർ, നേഴ്‌സുമാർ ഒക്കെ തെറ്റിദ്ധരിച്ചിട്ടുണ്ട് കുട്ടികളുടെ അച്ഛൻ ഗൗരി ആണെന്ന്… കുട്ടികൾക്കും ഒരടുപ്പം കൂടുതൽ ആയിരുന്നു ഗൗരിയോട്…

അറിയാതെ എങ്ങനെയോ തന്റെയും ഗൗരിയുടെയും മനസ്സിൽ പ്രണയം തുടങ്ങാൻ ഇതൊക്കെ കാരണങ്ങൾ ആയി…

നന്ദേട്ടന്റെ ഓഫീസിലെ ചില ഫ്രണ്ട്‌സ് ഞങ്ങളുടെ അടുപ്പം മനസ്സിലാക്കി അദ്ദേഹത്തെ അറിയിച്ചു.. അന്ന് ആദ്യമായി നന്ദേട്ടൻ തന്നെ തല്ലി… ഗൗരിയെ ഓഫീസിൽ നിന്നും പുറത്താക്കി…

പിന്നീടുള്ള ദിവസങ്ങൾ ഒരുപാട് സങ്കടം നിറഞ്ഞതായിരുന്നു… നന്ദേട്ടൻ എപ്പോളും കുറ്റപ്പെടുത്തലുകൾ… ദേഷ്യം, അവഗണന.. ഗൗരിയെ കോണ്ടാക്ട് ചെയ്യാൻ പറ്റുന്നില്ല…

മൂന്നാല് മാസം കഴിഞ്ഞപ്പോളാണ് പിന്നെ ഗൗരിയുടെ കാൾ വരുന്നത്… അപ്പോളേക്കും അവൻ ഗൾഫിലേക്ക് പറന്നിരുന്നു.. ആ ബന്ധം ഫോണിലൂടെ വീണ്ടും ശക്തിയായി തുടർന്നു..

നന്ദേട്ടന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റം വന്നു… തന്നെയും മക്കളെയും പാടെ അവഗണിച്ച് മദ്യപാനം കൂടി… പട്ടിണി എന്തെന്ന് അറിഞ്ഞ ദിവസങ്ങൾ…

ഒരോ കഥയും ഗൗരിയോട് പറയുമ്പോൾ അവൻ ഒരുപാട് ആശ്വസിപ്പിക്കും.. തന്റെ അക്കൗണ്ടിലേക്ക് പലപ്പോഴും പൈസ അയച്ചു തന്നു സഹായിക്കുമായിരുന്നു അവൻ…

രണ്ടു വർഷത്തിന് ശേഷം ഗൗരി ലീവിന് വരുന്നെന്നു കേട്ടപ്പോൾ അതിയായ സന്തോഷം ആയിരുന്നു.. പക്ഷെ ആ സന്തോഷത്തിനു ആയുസ്സ് കുറവായിരുന്നു.. നാട്ടിൽ വന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അവൻ വിളിച്ചു പറഞ്ഞു..

“ഗായത്രി ഒരു വിശേഷം ഉണ്ട്‌ എന്റെ വിവാഹം ഉറപ്പിച്ചു…”പെട്ടെന്ന് കേട്ടപ്പോൾ ഒരു ഷോക്ക് ആയിരുന്നു… തന്റെ സ്വന്തം എന്ന് കരുതിയിരുന്ന ആരോ നഷ്‌ടമായ വേദന..

അതിൽ നിന്നും മോചിത ആയി വന്നപ്പോളേക്കും തോന്നി ഇനി വീട്ടിൽ നിന്നാൽ താനും മക്കളും പട്ടിണി ആകുമെന്ന്… അങ്ങനെ ആണ് നാട്ടിലുള്ള ചെറിയൊരു കമ്പനിയിൽ ജോലിക്ക് കയറുന്നത്..

വിവാഹം കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചുപോയ ഗൗരി വീണ്ടും താനുമായി ചങ്ങാത്തം കൂടാൻ വന്നു പക്ഷെ മനഃപൂർവം അവനിൽ നിന്നും താൻ ഒഴിഞ്ഞു മാറി..

താനുമായുള്ള പഴയ ചില ചാറ്റിങ്ങുകൾ കാണിച്ചു തന്നെ വീണ്ടും അവനിലേക്ക്‌ അടുപ്പിക്കാൻ നോക്കി പക്ഷെ അതിലും താൻ വഴങ്ങിയില്ല… പിന്നെ സാവധാനം ആ ബന്ധം അവസാനിച്ചു…

ഒൻപത് വർഷങ്ങൾക്കു ശേഷം ഇന്നാണ് വീണ്ടും അവനെ കാണുന്നത്..ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി പോയി ഒന്ന് രണ്ടു ദിവസത്തിന് ശേഷം ഗായത്രി ഗൗരി തന്ന നമ്പറിലേക്ക് വിളിച്ചു നോക്കി.. റിംഗ് ചെയ്യുന്നുണ്ട് അവൻ എടുത്തില്ല.. കുറച്ചു കഴിഞ്ഞപ്പോൾ ഗൗരി വിളിച്ചു വിശേഷങ്ങൾ പറഞ്ഞു..

ഇടക്ക് ഗൗരി മെസ്സേജ് അയക്കും ഗായത്രി മറുപടി കൊടുക്കും… അവന്റെ മെസ്സേജുകൾ വീണ്ടും പഴയ ബന്ധത്തിലേക്കു പോകുന്നു എന്ന് തോന്നിയ ഗായത്രി അവനെ വിലക്കി..

“ഗൗരി നീയിന്ന് ഒരു ഭർത്താവ് ആണ്… ഇനി നമുക്ക് ആ പഴയ ബന്ധം വേണ്ട.. വെറും സൗഹൃദം മാത്രം മതി…”

“എടോ എനിക്ക് തന്നെ മറക്കാൻ പറ്റുന്നില്ല..എനിക്ക് പഴയ ആ ഗായത്രിയെ വേണം…””വേണ്ട ഗൗരി നിന്റെ ഭാര്യ അറിഞ്ഞാലോ..ആ കുട്ടിക്ക് സഹിക്കാൻ പറ്റില്ല…”

“അവൾ അറിയില്ല… എനിക്ക് നിന്നെ കാണണം ഗായത്രി.. ഞാൻ കാൾ വിളിക്കാം നീ എടുക്കു… “”വേണ്ട ഞാൻ എടുക്കില്ല.. എനിക്ക് പറ്റില്ല ഗൗരി ഇനിയും ആ ബന്ധം തുടരാൻ…”

“ആദ്യമായിട്ട് അല്ലല്ലോ മുൻപും പലവട്ടം നമ്മൾ നമ്മളെ പരസ്പരം ഒളിയും മറയും ഇല്ലാതെ കണ്ടിട്ടില്ലേ പിന്നെന്താ..””ഗൗരി പ്ലീസ് പറ്റില്ല..”

അവൾ വേഗം നെറ്റ് ഓഫ്‌ ആക്കി… അവൻ പറഞ്ഞത് സത്യമാണ്.. പക്ഷെ ഇനി അത് പറ്റില്ല… അന്നൊക്കെ എന്തോ മണ്ടത്തരങ്ങൾ കാട്ടി കൂട്ടി ഇനിയും തുടരരുത്… അറിവായി വരുന്ന കുട്ടികൾ രോഗിയായ ഭർത്താവ്…

അവൾ പിന്നെ രണ്ടുമൂന്നു ദിവസത്തേക്ക് ഫോൺ എടുത്തേ ഇല്ല… ഒരാഴ്ച്ചക്ക്ശേഷം നെറ്റ് ഓൺ ആക്കിയ അവൾ കണ്ടു ഗൗരിയുടെ മെസ്സേജ്..

“ഗായത്രി അച്ഛന് വയ്യാതെ വീണ്ടും ഹോസ്പിറ്റലിൽ ആണ്… നിനക്ക് അന്ന് ഞാൻ തന്ന ക്യാഷ് തിരിച്ചു തന്നെങ്കിൽ എനിക്ക് ഉപകാരം ആയേനെ…” ഇതുവരെ തന്നതൊന്നും തിരിച്ചു വാങ്ങാത്ത ആളാണ്‌… ഇപ്പോൾ പെട്ടന്ന്…

“ഗൗരി നീ പെട്ടന്ന് ചോദിച്ചാൽ ഞാൻ എങ്ങനെ തരും… രണ്ടു ദിവസം സാവകാശം തന്നാൽ…”

“നീ വല്യ ആദർശ വാദി അല്ലേ നിനക്ക് ക്യാഷ് ഉണ്ടാക്കാൻ ബുദ്ധിമുട്ടും ഉണ്ടാവില്ല… എനിക്ക് ഇപ്പൊ ഒരാവശ്യം ഉണ്ട്‌..”

“ഓ മധുരമായ പ്രതികാരം അല്ലേ.. മനസ്സിലായി ഗൗരി… വീഡിയോ കാളിൽ ഞാൻ എന്റെ നഗ്നത തുറന്നു കാണിച്ചെങ്കിൽ നിനക്ക് ഇപ്പൊ കാശ് തിരികെ തരേണ്ടായിരുന്നു അല്ലേ..””നീ എന്നെ വിശ്വസിക്ക്.. എനിക്ക് ക്യാഷ് ആവശ്യം ഉണ്ടായിട്ട് തന്നെയാണ്..”

“നീ കൂടുതൽ ഒന്നും പറയേണ്ട അക്കൗണ്ട്‌ നമ്പർ തന്നേക്കു… രണ്ടു മൂന്ന് ദിവസത്തിനകം ക്യാഷ് തരും… എന്റെ സ്നേഹത്തിന്റെ പ്രതിഫലം എന്നാണ് ഞാൻ ഉദ്ദേശിച്ചത്..

ഇപ്പോൾ മനസ്സിലായി എന്റെ ദേഹത്തിന്റെ പ്രതിഫലം ആയിരുന്നു നിന്റെ കള്ള സ്നേഹം എന്ന്…ഇനി എന്നെ വിളിക്കരുത്..

അവൾ വേഗം ഫോൺ തുറന്ന് അതിൽ നിന്നും സിം ഊരിയെടുത്ത് രണ്ടായി ഒടിച്ചു പുറത്തേക്ക്‌ വലിച്ചെറിഞ്ഞു… അകത്തെ മുറിയിലേക്ക് ഓടിയ ഗായത്രി കട്ടിലിൽ കിടക്കുന്ന നന്ദന്റെ കാലിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *