എന്തുപറ്റി തിടുക്കമായോ…?”അവന്റെ നോട്ടം കണ്ട്‌ വശ്യമായൊരു ചിരിയുടെ അവൾ ചോദിച്ചു..അവൻ മറുപടിയൊന്നും പറയാതെ അവളുടെ അടുത്തേയ്ക്കുചെന്നു

ആദ്യരാത്രിയുടെ അനുഭൂതിയിൽ

(രചന: Mejo Mathew Thom)

 

വിവാഹദിനത്തിന്റെ തിരക്കൊക്കെ ഏറെക്കുറെ അവസാനിപ്പിച്ച്‌ അവൻ ഇന്നലെവരെ തന്റെ രഹസ്യസങ്കേതം പോലെ സൂക്ഷിച്ച ഇന്ന് മണിയറയായി മാറിയ ഇനിമുതൽ ബെഡ്റൂം ആയി അറിയപ്പെടുന്ന തന്റെ റൂമിലേയ്ക്ക് നടന്നു…

ആദ്യരാത്രിയുടെ ആശങ്കകളും ആകാംഷയും ആവേശവും ചിന്തയിൽ പല കാഴ്ചകളുമേകി കടന്നുപോകുന്നു… പറഞ്ഞുകെട്ടുള്ള അറിവുകളും ചിന്തിച്ചുകൂട്ടിയവയുമായി അനുഭവിച്ചാൽ മാത്രമറിയുന്ന പുതിയൊരു ജീവിതത്തിന്റെ തുടക്കത്തിലേയ്ക്ക്…

അവൻ മുറിയിലേയ്ക്കുകയറി.. ആദ്യമായ്ക്കാണുന്നവണ്ണം മുറിയാകെയൊന്നു കണ്ണോടിച്ചു..

കഴിഞ്ഞദിവസംവരെ താൻ കണ്ട മുറിയല്ല.. തന്നെപ്പോലെതന്നെ ഒരു പെണ്ണിന്റെ സാമിപ്യത്തിനായി… അവളുടെ ഗന്ധത്തിനായി.. അവളുടെ പെരുമാറലിനായി..ആകെ മാറിയിരിക്കുന്നു…

അവൻ പതിയെ കട്ടിലിൽ ഇരുന്നു…പുതുതായ് വിരിച്ചിരുന്ന കിടക്കവിരിയിലൂടെ വിരലോടിച്ചു… ചിന്തകൾ മോഹങ്ങളിലേയ്ക്ക് സഞ്ചരിച്ചു…

കടിഞ്ഞാണില്ലാതെ പായുന്ന കുതിരകൾപോലെ ആവേശത്തിലൊന്നാകുന്ന ശരീരങ്ങളിൽ നിന്നുയരുന്ന നിശ്വാസങ്ങളും മാദകഗന്ധമുതിരുന്ന വിയർപ്പുകങ്ങളുമേറ്റുവാങ്ങുവാൻ വിധിയ്ക്കപ്പെട്ട കിടക്കവിരികൾ…

അപ്പോഴാണ് വാതിൽ തുറന്നുകൊണ്ടു കയ്യിലൊരു ഗ്ലാസ് പാലുമായി അവൾ മുറിയിലേയ്ക്ക് കടന്നുവന്നത്…

“ആ വാതിലടച്ചു കുറ്റിയിട്ടോളൂ…ഞാൻ ഈ ഡ്രസ്സ് ഒന്നുമാറി ഫ്രഷ്‌ ആയിട്ടുവരാം….”കയ്യിലിരുന്ന ഗ്ലാസ് റൂമിലെ മേശയിലേയ്ക്ക് വച്ചുകൊണ്ട് അവൾ പറഞ്ഞു

“എന്നാൽ പെട്ടന്ന് ഫ്രഷ്‌ ആയിവാ പാല് തണുത്തുപോകും….”ഒരു കള്ളച്ചിരിയോടെ അവളെ നോക്കികൊണ്ടായിരുന്നു അവന്റെ മറുപടി..അതിനു തിരിച്ചൊന്നുംപറയാതെ അവൾ താൻകൊണ്ടുവന്ന പെട്ടിയിൽനിന്നു മാറാനുള്ള ഡ്രെസ്സും എടുത്തുകൊണ്ടു ബാത്റൂമിലേയ്ക്കുനടന്നു..

പിന്നിൽനിന്നുള്ള അവളുടെ നടപ്പഴക് ആസ്വദിച്ചികൊണ്ടു അവൻ അവൾ പോകുന്നതും നോക്കിയിരുന്നു … ബാത്റൂമിന്റെ വാതിൽതുറന്ന് അകത്തുകയറിയശേഷം അവൾ അവനെയൊന്നു തിരിഞ്ഞുനോക്കി…

അവളുടെ വശ്യതയാർന്ന നോട്ടത്തിൽ അവന്റെ വികാരഞരമ്പുകളിൽ ഒരു തീപ്പൊരി മിന്നി… ഷവറിൽനിന്നു വീഴുന്ന വെള്ളത്തിന്റെ ശബ്ദത്തിൽ അവന്റെ ചിന്തകളാൽ ഞരമ്പുകളിൽ ചൂടുപടർന്നുതുടങ്ങി….

അധികം കാത്തിരുത്തി മുഷുപ്പിയ്ക്കാതെ അവൾ ഫ്രഷ്‌ ആയി ഡ്രസ്സ്മാറി പുറത്തുവന്നു.. ബാത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദംകേട്ട് അവൻ അവൾ ഇറങ്ങുന്നത് നോക്കി…

ശരീരവടിവുകൾ എടുത്തുകാട്ടുംവിധം ശരീരത്തോടൊട്ടിച്ചേർന്നു ഒഴുകികിടക്കുന്ന ഒരു രാത്രിവസ്ത്രമാണ് അവൾ ധരിച്ചിരുന്നത്.. അവനിലുണർന്ന പുരുഷനെ നിയന്ത്രിയ്ക്കാനാവാതെ അവൻ കിടക്കയിൽ നിന്നെഴുന്നേറ്റു…

“എന്തുപറ്റി തിടുക്കമായോ…?”അവന്റെ നോട്ടം കണ്ട്‌ വശ്യമായൊരു ചിരിയുടെ അവൾ ചോദിച്ചു..അവൻ മറുപടിയൊന്നും പറയാതെ അവളുടെ അടുത്തേയ്ക്കുചെന്നു..അവൾതേച്ച സോപ്പിന്റെ സുഗന്ധം അവൻ ആസ്വദിച്ചു…

അവരുടെ മിഴികൾ തമ്മിലുടക്കിനിന്നു…അവൾ നാവുകൊണ്ട്ചുണ്ടുനനച്ചു….നനവുപടർന്ന അവളുടെ വിരിഞ്ഞ ചെഞ്ചുണ്ടുകൾ അവനിലെ വികാരമാളികത്തിച്ചു…

നിയന്ത്രണം നഷ്‌ടമായ ശരീര മോഹങ്ങളാൽ പതിവിലുമധികം മിടിയ്ക്കുന്ന നെഞ്ചുമായി അവൻ അവളെ തന്നിലേക്കു ചേർക്കുവാനായി അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു..പക്ഷെ പെട്ടന്നവൾ കുതറിമാറി

“ഞാനെന്നാൽ ഉറങ്ങിക്കോട്ടെ… രണ്ടുദിവസമായി ശരിക്കൊന്നു ഉറങ്ങിയിട്ട്…”എന്നും പറഞ്ഞുകൊണ്ട് കിടക്കയിലേയ്ക്കിരുന്നു.. അതുകേട്ട് അവന്റെ മുഖം മങ്ങി

“ഉറങ്ങാനോ.. ഇന്നോ….ഇന്ന് നമ്മുടെ…..”അവന്റെ സ്വരം വിറച്ചിരുന്നു..”ഇന്നെനിക്കൊരു മൂഡില്ല…രണ്ട് ദിവസം കഴിഞ്ഞു ആലോചിയ്ക്കാം ആദ്യരാത്രിയെ കുറിച്ച്…”അവൾ കാലിനുമുകളിലേയ്ക്ക് കാലെടുത്തുവച്ചുകൊണ്ട് നിസാര ഭാവത്തിൽ പറഞ്ഞു..

കവിഞ്ഞൊഴുകാൻവെമ്പിനിൽക്കുന്ന അവനിലെ പുരുഷവികാരങ്ങൾ അവൻ കടിച്ചമർത്തി.. ഇരച്ചുകയറിയ ദേഷ്യം അവളിലെലേക്കുള്ള നോട്ടത്തിലും പ്രതിഫലിച്ചു..അതിലൊന്നും യാതൊരു വിലയും കല്പിയ്ക്കാതെ അവൾ തുടർന്നു…

“ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രം നിങ്ങൾ ഈ കിടക്കയിൽ ഒരു പുരുഷനായാൽ മതി..അതും എന്റെ താല്പര്യങ്ങൾക്കനുസരിച്ചു…പിന്നെ

നാളെ രാവിലെ എന്റെ ആ കല്യാണസാരിഒന്ന് വെയിലത്തിടണം ബാക്കി ഡ്രെസ്സുകൾ അലക്കിയിടണം..”

അവൾ മുറിയുടെ കോണിലെ ഡ്രസ്സ്ഹാങ്ങറിൽ കിടന്നിരുന്ന അവളുടെ അടിവസ്ത്രങ്ങൾ ഉൾപ്പടെയുള്ള മുഷിഞ്ഞ വസ്ത്രങ്ങളിലേക്കു വിരൽചൂണ്ടി ആജ്ഞാ സ്വരത്തിൽ പറഞ്ഞു…

“നിന്റെ ആജ്ഞകൾ അനുസരിച്ചുജീവിയ്ക്കാൻ ഞാനെന്താ നിന്റെ വേലക്കാരനാണോ…?” അടക്കിവച്ച അവന്റെ ദേഷ്യം വാക്കുകളിലൂടെ അവളുടെ നേർക്ക്‌ അണപൊട്ടിയൊഴുകി

അതുകണ്ട് അവളുടെ മുഖത്ത് ഒരു പരിഹാസച്ചിരിവിടർന്നു..അവന്റെ ഭാവമാറ്റത്തിൽ തെല്ലും ഭയപ്പെടാതെ ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു തുടങ്ങി…

” വേലക്കാരനോ….അങ്ങനെ ഞാൻ കരുതുവോ എന്റെ കഴുത്തിൽ താലിചാർത്തിയ ആളെ …”അവൾ ഒന്നുപറഞ്ഞുനിറുത്തിയശേഷം അവന്റെ മുഖത്തുനോക്കി തുടർന്നു

“നിങ്ങൾ പറഞ്ഞ കാശുതന്നു ഞാൻ മേടിച്ച അടിമയാണ് നീ….അല്ലാതെ വേലക്കാരനൊന്നുമല്ല…വേലക്കാരൊക്കെ ഇന്നത്തെ സമൂഹത്തിൽ വിലയേറിയവരാ….

ഓർമ്മയില്ലേ നിനക്കു നമ്മുടെ പെണ്ണുകാണൽ ചടങ്ങ്…..ചെറുക്കനും പെണ്ണിനും ഇഷ്ടപെട്ട ശേഷം വിവാഹം ഉറപ്പിയ്ക്കലിന് മുൻപുവരെ സ്ത്രീധനമെന്ന പേരിൽ നടന്ന കച്ചവടമുറപ്പിയ്ക്കൽ….

നിങ്ങൾ പറഞ്ഞ പൊന്നും പണവും കൈപറ്റിയിട്ടുതന്നയല്ലേ നീ എന്റെ കഴുത്തിൽ താലി കെട്ടിയത്….അതപറഞ്ഞതു ഞാൻ കാശുതന്നുമേടിച്ച അടിമയാണ് നീയെന്നു…”

അവൾ പറഞ്ഞ് നിറുത്തി നിന്നു കിതച്ചു അപ്പോഴും അവളുടെ കണ്ണുകളിൽ രോഷത്തിന്റെ കനലെരിയുന്നുണ്ടായിരുന്നു…അവളുടെ നോട്ടം താങ്ങാനാവാതെ അവൻ വിളറിവെളുത്ത തന്റെ മുഖം കുനിച്ചു…

അല്പനേരത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു…ഇതിലും മാന്യമായ രീതിയിൽ ഒരു അടിമയോട് പെരുമാറാൻ എനിക്കറിയില്ല..ജീവിതകാലം മുഴുവൻ നിന്നോടും നിന്റെ വീട്ടുകാരോടുമുള്ള എന്റെ സമീപനം ഇങ്ങനെത്തന്നെയായിരിക്കും…

കൂടുതലൊന്നും പ്രതീക്ഷിക്കണ്ട….കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയിൽ സഹിച്ചു ജീവിയ്ക്കുന്ന പെണ്ണുങ്ങളുണ്ടാകും…

എന്നെ അതിനു കിട്ടില്ല..ഞാൻ ഒരു കംപ്ലൈന്റ് കൊടുത്താൽ നീയും വീട്ടുകാരും അകത്തുകിടക്കും ഓർമ്മയിരിയ്ക്കട്ടെ…. ”

അവളുടെ വാക്കുകൾക്കുമുന്നിൽ മറുപടിയില്ലാതെ തലകുനിച്ചുതന്നെ നിന്നു അവൻ….പെട്ടന്നാണ് മുറിയുടെ വിതിലിൽ ശക്തമായൊരു തട്ടൽ…

അവൻ ഞെട്ടി കണ്ണുതുറന്നു…മുൻപിൽ അവളില്ല മണിയറയില്ല…”ഹൊ…കണ്ടത് സ്വപ്നമായിരുന്നോ..?”എന്നും പുലമ്പികൊണ്ടു അഴിഞ്ഞുപോയ ഉടുമുണ്ടും വാരിചുറ്റിപോയി വാതിൽ തുറന്നു…മുന്നിൽ അവന്റെ അമ്മയായിരുന്നു

“എന്നാ ഉറക്കമാടാ ഇത് നേരം ഉച്ചയാകാറായല്ലോ..പിന്നെ ഒരു കാര്യം…നമ്മൾ കഴിഞ്ഞദിവസം പോയി കണ്ട പെണ്ണില്ലേ…ആ കൂട്ടർ വിളിച്ചാരുന്നു…

പെണ്ണിനും ചെറുക്കനും ഇഷ്ടപെട്ട സ്ഥിതിയ്ക്ക് സ്ത്രീധന കാര്യത്തിൽ നമുക്കൊരു വിട്ടുവീഴ്ച ചെയ്തുടെന്നു…?എന്താ അവരോടു പറയണ്ടെന്നു അച്ഛൻ ചോദിച്ചു…”

അമ്മയുടെ പറച്ചിൽകേട്ട് അവന്റെ മനസിൽ കണ്ട സ്വപ്നം ഒന്ന് തെളിഞ്ഞു…പക്ഷെ അവൻ തിരുമാനിച്ചുറച്ചവണ്ണം അമ്മയോട് പറഞ്ഞു

“ആ വിളിച്ച നമ്പർ ഒന്നുതന്നെ… സ്ത്രീധനകാര്യത്തിൽ അവർക്കുള്ള ആശങ്ക ഇപ്പോൾ മാറ്റികൊടുക്കാം..”

“നമ്പർ അച്ഛന്റെ ഫോണിലുണ്ട്” എന്ന് പറഞ് അമ്മ ഉമ്മറത്തേക്ക് നടന്നു പുറകെ അവനും…

അച്ഛന്റെ കയ്യിൽനിന്നും ഫോൺ മേടിച്ച് അവൻ പെൺകുട്ടിയുടെ വീട്ടിലേയ്ക്കു വിളിച്ചു…ഒന്നുരണ്ടു റിങ്ങുകൾക്കുള്ളിൽ തന്നെ ഫോൺ അറ്റന്റ് ചെയ്തു….പെൺകുട്ടിയുടെ അച്ഛനാണ് ഫോൺ എടുത്തത്

അധികം മുഖവുരയില്ലാതെ അവൻ പറഞ്ഞു തുടങ്ങി…”അച്ഛാ…ഞാനാ ആന്റപ്പൻ….എനിക്ക് ചേട്ടന്റെ മോളെ ഇഷ്ടപ്പെട്ടു..നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെട്ടെങ്കിൽ എനിക്കവളെ കെട്ടിച്ചുതരുക…

പിന്നെ അന്ന് എന്റെ വിവരക്കേടുകൊണ്ടു സ്ത്രീധനത്തെപ്പറ്റിയൊക്കെ നിങ്ങളോട് സംസാരിച്ചു..അതിന് ഇപ്പോൾ ഞാൻ മാപ്പ് ചോദിക്കുവാ…

നിങ്ങളുടെ മകൾക്കു കൊടുക്കുന്നതും കൊടുക്കാത്തതും ഒക്കെ നിങ്ങളുടെ ഇഷ്ടം…എനിക്ക് വേണ്ടത് ഒരു ഭാര്യയെയാണ് അല്ലാതെ എന്നെ വിലയ്ക്കുവാങ്ങുന്ന ഒരു മുതലാളിയെ അല്ല….”

അത്രയും പറഞ്ഞു നിറുത്തിയശേഷം മറുപടിയ്ക്കു പോലും കാത്തുനിൽക്കാതെ ഫോൺ കട്ട് ചെയ്തു അമ്മയുടെ കയ്യിൽ കൊടുത്തു അവൻ തന്റെ മുറിയിലേയ്ക്കു നടന്നു…..

അവൻ പറഞ്ഞതുകേട്ട് ഒന്നും മനസിലാകാതെ അവന്റെ അച്ഛനും അമ്മയും അന്തംവിട്ടു നിന്നുപോയി ഫോണിന്റെ മറുതലയ്ക്കൽ പെൺകുട്ടിയുടെ അച്ഛനും….

Leave a Reply

Your email address will not be published. Required fields are marked *