“സമയം ആയി…കുളിപ്പിക്കാൻ എടുക്കണ്ടേ?”
ആരോ പതുക്കെ ചോദിച്ചു.
അയാൾ തല ഉയർത്തി അവരെയൊന്നു നോക്കി.
വീടിന്റെ അകത്തായി മുറിയുടെ നടുവിൽ വെളുത്ത തുണിയിൽ പൊതിഞ്ഞവർ കിടക്കുകയായിരുന്നു.
ഏതാനും മണിക്കൂറുകൾക്ക് മുമ്പുവരെ ആ വീട്ടിലെ ഓരോ ശബ്ദത്തിനും ജീവനായിരുന്നവർ.രാവിലെ ചായ വിളമ്പുന്ന ശബ്ദം,അടുക്കളയിലെ പാത്രങ്ങളുടെ കിലുക്കം, മക്കളെ ശാസിക്കുന്ന വാക്കുകൾ, അയാളെ മരുന്ന് കഴിക്കാൻ ഓർമ്മിപ്പിക്കുന്ന സ്നേഹം എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് നിലച്ചുപോയിരുന്നു.
ഒരു നിമിഷം നിശ്ശബ്ദനായ ശേഷം അയാൾ പറഞ്ഞു.
മ്മ്…എടുത്തോളൂ….
അയാളെ ഒന്നെടുത്തു പുറത്തേക്ക് കിടത്താൻ മാത്രം സഹായിച്ചാൽ മതി,കൂടെ ആരും നിൽക്കണ്ട.ഞാൻ ഒറ്റയ്ക്ക് കുളിപ്പിച്ചോളാം.”
അയാളുടെ ശബ്ദം പതിഞ്ഞതായിരുന്നു.
ചുറ്റും കൂടിനിന്നവർ പരസ്പരം നോക്കി. ആരും ഒന്നും പറഞ്ഞില്ല.
ആ വാക്കുകൾക്കുള്ളിൽ ഒളിഞ്ഞുകിടന്ന വേദന എല്ലാവർക്കും മനസ്സിലായിരുന്നു.
രണ്ടുപേർ ചേർന്നവരെയെടുത്തു പുറത്തെ മറപ്പുരയിലേക്കു മാറ്റിക്കിടത്തി.അയാൾ അകത്തേക്ക് കയറിയ ശേഷം വാതിൽ പതുക്കെ അടച്ചു
മുറിക്കുള്ളിൽ അയാളും അവരും പിന്നെ വർഷങ്ങളുടെ ഓർമ്മകളും മാത്രം ബാക്കിയായി.
വിറയ്ക്കുന്ന കൈകളോടെ അയാൾ അവരുടെ അടുത്തിരുന്നു.എത്രയോ വർഷങ്ങളായി ആ കൈകൾ അയാളുടെ കൈകളിൽ ചേർന്നിരുന്നു. സന്തോഷത്തിലും സങ്കടത്തിലും രോഗത്തിലും ആരോഗ്യത്തിലും ഒരുമിച്ചുനിന്ന ജീവിതമായിരുന്നു അവരുടേത്.
“ദേ…ഞാൻ വന്നിട്ടുണ്ട്..
അപ്പുറത്തു നിന്നും മറുപടിയില്ല.
“ഇത്രയും വർഷം ഞാനൊന്നുറക്കെ വിളിച്ചാൽ ‘എന്താ മനുഷ്യാ?’ എന്ന് ചോദിച്ചു കൊണ്ടോടിവരുന്ന ആളല്ലേ?
ഇന്ന് മാത്രം എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നത്?”
അയാളുടെ ശബ്ദം ഇടറി.
അയാൾ അവരുടെ ദേഹത്തുണ്ടായിരുന്ന വെള്ളത്തുണി മെല്ലെ മാറ്റി.
നാണിക്കണ്ട കേട്ടോ, ഞാനല്ലാതെ ഇവിടെ വേറെയാരും ഇല്ല…
അത് പറയുമ്പോൾ അയാളുടെ ചുണ്ടുകൾ വിറച്ചു.
അയാൾ ഒരു പാത്രത്തിൽ ഇളംചൂടുള്ള വെള്ളം എടുത്തുവച്ചിരുന്നു.
അയാളത് മെല്ലെ അവരുടെ ശരീരത്തിലൂടെ ഒഴിച്ചു,”തണുത്ത വെള്ളം തനിക്ക് ഇഷ്ടമല്ലല്ലോ അതുകൊണ്ട് ഇളംചൂടുള്ള വെള്ളം തന്നെയാ ഞാൻ എടുത്തത്.
“ഓർമ്മയുണ്ടോ…ഞാൻ ആദ്യമായി തന്നെ കുളിപ്പിച്ചത്?”
അയാളൊന്ന് ചിരിക്കാൻ ശ്രമിച്ചു.
കൃത്യമായി പറഞ്ഞാൽ നമ്മടെ ശ്രീദേവി ജനിച്ചപ്പോൾ താൻ അവളെയും കൊണ്ടാശുപത്രിയിൽ നിന്ന് വീട്ടിലെത്തിയതിന്റെ നാലാമത്തെ ദിവസം. അന്ന് തനിക്ക് പ്രസവരക്ഷ ചെയ്യാൻ ഇവിടെ എന്റെയമ്മയില്ല അങ്ങനെയാ ഡ്യൂട്ടി ഞാൻ സ്വയം ഏറ്റെടുത്ത ശേഷം തെക്കേലെ അമ്മിണി വല്യമ്മയോട് ചോദിച്ചു വേതു വെള്ളം ഉണ്ടാക്കാൻ പഠിച്ചതൊക്കെ ഇന്നലെ കഴിഞ്ഞ പോലെയുണ്ട്.
തന്റെ മേത്തു ധന്വന്തരം കുഴമ്പ് തേക്കുമ്പോ താൻ എന്തൊക്കെയായിരുന്നു എന്നോട് പറഞ്ഞിരുന്നതെന്ന് വെല്ലോം ഓർമ്മയുണ്ടോടോ?
ശോ!!!അവിടെ തൊടല്ലേ….
ഇവിടെ തൊടല്ലേ…
ഇങ്ങോട്ട് നോക്കല്ലേ….
അങ്ങോട്ട് തിരിഞ്ഞു നിൽക്ക്…..
അന്നൊക്കെ എത്ര നാണമായിരുന്നടോ
തനിക്ക്.ഇപ്പഴും താനാ പഴയ നാണക്കാരി തന്നെയാ ഒരു മാറ്റവുമില്ല.
അയാൾ അവരുടെ കൈയിൽ പതുക്കെ പിടിച്ച ശേഷം ചോദിച്ചു,ഇപ്പൊ എന്താ,എന്നോടൊന്നും പറയായില്ലേ?”
എന്തെ തനിക്ക് തണുക്കുന്നുണ്ടോ?
താനെന്താടോ ഒന്നും മിണ്ടാത്തേ?….
ഇനിയാ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ അവരില്ലെന്ന സത്യം അയാളുടെ നെഞ്ചിൽ കല്ലുപോലെ അമർന്നു.
അയാളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ അടർന്നവരുടെ കൈകളിലേക്ക് വീണു.
കരയില്ലെന്ന് വിചാരിച്ചതാ.പക്ഷേ പറ്റുന്നില്ലടോ…”
മെല്ലെ അയാൾ അവരുടെ മേത്തു സോപ്പ് തേക്കാൻ തുടങ്ങി…
ദേ!തനിക്കിഷ്ടപ്പെട്ട രാധാസ് സോപ്പാണിത്,ഇതില്ലാതെ താൻ കുളിക്കുമാരുന്നോ?
നമ്മടെ കല്യാണം കഴിഞ്ഞ സമയത്ത് ഈ സോപ്പ് മേടിക്കാൻ വേണ്ടി രാത്രിക്ക് രാത്രി താനെന്നെ കവലയിലേക്ക് ഓടിച്ചതൊന്നും ഞാൻ മറന്നിട്ടില്ലട്ടൊ.അന്നേ വല്യ വാശിക്കാരി ആരുന്നു താൻ.
അയാളുടെ വിരലുകൾ അവരുടെ വയറിലെ സിസേറിയൻ ചെയ്ത പാടിൽ തങ്ങി.തന്റെ വിറയാർന്ന വിരലുകൾ അതിലൂടെ പതിയെ ഓടിച്ച ശേഷമയാൾ പറഞ്ഞു,
ഇതൊക്കെ മാഞ്ഞുപോയെന്ന് ഞാൻ കരുതിയിരുന്നു.പക്ഷേ ആ പാട് ഇപ്പോഴും അതുപോലെ തന്നെയുണ്ടല്ലോ.”
ഒരു നിമിഷം അയാൾ മിണ്ടാതിരുന്നു.
തന്റെ അലർച്ചയും കൂവലും കണ്ട് ഡോക്ടർ ആദ്യം സുഖപ്രസവമാകുമെന്നാണ് പറഞ്ഞത് രാത്രി മുഴുവനും നീണ്ടു നിന്ന തന്റെ പരാക്രമത്തിനൊടുവിൽ ഈ വയറ് കീറേണ്ടി വന്നു.അന്നെത്ര വേദന സഹിച്ചിട്ടാണെടോ താൻ നമ്മുടെ മോളെയീ ലോകത്തേക്ക് കൊണ്ടുവന്നത്.ഇനി ഞാൻ പെറൂല്ലന്നു പറഞ്ഞ താൻ പിന്നെയും രണ്ട് പെറ്റു.അല്ലേലും താൻ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണല്ലോ.
അയാളുടെ ശബ്ദം ഇടറി.
ആശുപത്രി കിടക്കയിൽ വേദന കടിച്ചമർത്തി കിടന്ന നിന്നെ കണ്ടപ്പോൾ, ആ വേദനയുടെ പകുതിയെങ്കിലും എനിക്ക് ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എത്ര പ്രാവശ്യം ഞാൻ
ആഗ്രഹിച്ചെന്നറിയാമോ?
വീണ്ടും ആ പാടിലൂടെ വിരലോടിച്ചുകൊണ്ടയാൾ പറഞ്ഞു.
എനിക്കിത് വെറുമൊരു പാടല്ലടോ… നമ്മുടെ ജീവിതത്തിന്റെ ഒപ്പാണ്. നമ്മുടെ മക്കളെ എനിക്ക് തന്ന തന്റെ സ്നേഹത്തിന്റെ അടയാളമാണിത്.
അയാളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ആ പാടിലേക്കു വീണു.
ഇത്രയും വേദന സഹിച്ചിട്ടും ഒരു പരാതിപോലും പറയാതെ താൻ ഞങ്ങളെയെല്ലാം നോക്കിയില്ലേ?അതിന് ഞാൻ തന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലടോ.
അവരുടെ ഓരോ വിരലും വൃത്തിയാക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
“ഈ കൈകളല്ലേ എന്റെ ഷർട്ടിന്റെ ബട്ടൺ ഇട്ടുതന്നത്…”
നല്ല ഭക്ഷണം ഉണ്ടാക്കി തന്നത്….
മക്കളെ വളർത്തിയത്….
ഈ വീടിനെ വീടാക്കിയത്…….
അയാൾ കരഞ്ഞുകൊണ്ടിരുന്നു…..
“ദേ… തീർന്നൂട്ടോ…”
“ഇനി ഞാൻ തോർത്തിത്തരാം.”
അയാൾ അവരുടെ മുടി പതിവുപോലെ സാവധാനം ഒതുക്കി വെച്ചു.ജീവിതത്തിൽ എത്രയോ തവണ ചെയ്ത ഒരു ചെറിയ പ്രവൃത്തിയാണിത് പക്ഷേ ഇതാണ്
അവസാനത്തേത്.
ഇനിയൊരിക്കലും എനിക്കതിനു കഴിയില്ലല്ലോടോ,അയാൾ അവരുടെ നെറ്റിയിൽ കൈവെച്ച ശേഷം ഒരു നിമിഷം കണ്ണുകളടച്ചു.
തന്നെ ഞാൻ എപ്പഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ എന്നെനിക്കോർമ്മയില്ല അങ്ങനെ വല്ലോം ഉണ്ടായിട്ടുണ്ടെങ്കിൽ
താൻ എന്നോട് ക്ഷമിക്കണേ.തന്നോട് പറയാതെ പോയ സ്നേഹത്തിനും,വേദനിപ്പിച്ച നിമിഷങ്ങൾക്കും.എല്ലാത്തിനും…….
അയാൾ അവരുടെ നെറ്റിയിൽ ഒരു മുത്തം നൽകിയ ശേഷം നിശ്ശബ്ദനായി ഇരുന്നു.
അൽപ സമയത്തിന് ശേഷം ബന്ധത്തിൽ ഉള്ള ഒരു കുട്ടി അവരുടെ വിവാഹ സാരിയുമായി വന്നു…
ഇങ്ങട് തന്നോളൂ കുട്ടി ഞാൻ ഉടുപ്പിച്ചോളാം, ഇയാൾക്ക് ഞാൻ ഞൊറിഞ്ഞു കൊടുത്താലേ തൃപ്തിയാവു…
അയാൾ അവരെയാ സാരി മെല്ലെ ഉടുപ്പിച്ചു തുടങ്ങി. “ആദ്യമായി തന്നെയീ വിവാഹവേഷത്തിൽ കണ്ട ദിവസം ഇന്നുമെന്റെ കണ്ണിലുണ്ട്…”
അന്ന് താനത്ര സുന്ദരിയായിരുന്നു…”
പണ്ടെന്നല്ല ഇപ്പഴും താൻ സുന്ദരി തന്നെയാട്ടോ,ഇപ്പൊ തനിക്ക് കുറച്ച് പ്രായമായെന്നേയുള്ളൂ.പക്ഷെയാ സൗന്ദര്യത്തിന് ഇന്നും ഒരു കുറവും വന്നിട്ടില്ല.
ദേ!വീതി കുറച്ചു തന്നെ ഞാൻ ഞൊറിഞ്ഞിട്ടിട്ടുണ്ട്.നെറ്റിയിൽ ചുവന്ന ചാന്തും തൊട്ടിട്ടുണ്ട്.താൻ തൊടുന്ന പോലെ വട്ടത്തിൽ ആയിട്ടില്ലെങ്കിലും ഞാൻ ഒപ്പിച്ചിട്ടുണ്ട്.
എന്റെ അടുത്തേക്ക് സുന്ദരിയായി വന്ന താൻ തിരിച്ചുപോകുമ്പോഴും അങ്ങനെ തന്നെയാവണ്ടെടോ?
അതെനിക്ക് നിർബന്ധമാണ്.
അമ്മാവാ,സമയം ആയി…
പുറത്ത് നിന്നാരോ വിളിച്ചു….
ആ ദേ വരുന്നു……..
അയാൾ അവരുടെ കൈകളിൽ തന്റെ കൈ ചേർത്തുവച്ച ശേഷം അവരെ നോക്കി ചോദിച്ചു,
മോളിൽ ചെന്നിട്ട് താൻ എനിക്ക് വേണ്ടി കാത്തിരിക്കില്ലേ?
ഒറ്റയ്ക്കാണ് എന്ന് കരുതി പേടിക്കണ്ട കേട്ടോ അധികം വൈകാതെ തന്നെ ഞാനങ്ങോട്ട് വരില്ലേ?
താനില്ലാതെ എനിക്കിവിടെ പറ്റുമോടോ?
അടുത്ത ജന്മമുണ്ടെങ്കിൽ വീണ്ടും താനെന്റെ ഭാര്യയായിട്ട് തന്നെ വരണമെന്നാണ് എന്റെ ആഗ്രഹം…
അയാൾ അവരുടെ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തിയ ശേഷം ആ നെറുകിൽ പതിയെ ചുംബിച്ചു കൊണ്ട് പറഞ്ഞു സുമംഗലിയായിട്ട് തന്നെ പോകൂ….
പുറത്ത് തെക്കേപ്പറമ്പിൽ ചിത ഒരുക്കി ആളുകൾ കാത്തുനിന്നു.
പക്ഷേ ആ ചുമരുകൾക്കുള്ളിൽ ഒരു ഭർത്താവും ഭാര്യയും അവരുടെ ദീർഘമായ ജീവിതയാത്രയുടെ അവസാന അധ്യായം നിശ്ശബ്ദമായി പൂർത്തിയാക്കുകയായിരുന്നു.
ചില വിടപറച്ചിലുകൾക്ക് ശബ്ദമുണ്ടാകില്ല.
അവ കണ്ണീരിലൂടെയാണ് സംസാരിക്കുക.
മരണം ഒരു ശരീരത്തെ മാത്രമേ അകറ്റുകയുള്ളൂ,ഒരുമിച്ച് ജീവിച്ച സ്നേഹത്തെ അല്ല.ജീവിതം അവസാനിച്ചാലും ചില സ്നേഹങ്ങൾ അവസാനിക്കില്ല.
അവ അവസാന ശ്വാസത്തിനപ്പുറവും, അവസാന ചുംബനത്തിനപ്പുറവും, അവസാന വിടപറച്ചിലിനപ്പുറവും, ഓർമ്മകളായി……
പ്രാർത്ഥനകളായി…….
ഹൃദയമിടിപ്പായി ജീവിച്ചുകൊണ്ടേയിരിക്കും.
NB:കഥ വായിച്ച ശേഷം അഭിപ്രായം അറിയിക്കാൻ മറക്കരുതേ 😊
കഥ:ഒരുക്കം
രചന: അച്ചു വിപിൻ
©copyrightprotected
